Wednesday, September 28, 2016

Law of large numbers

ഞാൻ ജോലി ചെയ്തിരുന്നത് സെക്യുരിറ്റി ക്യാമറകൾ നിർമ്മിക്കുന്ന ഒരു കമ്പനിയിലാണ്. കമപനിയുടെ ഉപഭോക്താക്കളിൽ വലിയൊരു പങ്ക് ലാസ് വേഗാസിലെയും, മക്കാവു ലെയും കാസിനോകളായിരുന്നു. അതിനാൽ ഒരു ഗാംബ്ലിംഗ് അഡിക്ട് ചിലവാക്കുന്ന സമയത്തോളം ഇത്തരം കസീനൊകളിൽ ജീവിതം തുലച്ചിട്ടുണ്ട്. അമേരിക്കയിലെ ഗേമിംഗ് കമ്മീഷൻ നിയമം അനുസരിച്ച് കസീനോയിലെ ഒരോ മേശയ്‌‌ക്ക് മുകളിലും ഒരോ ക്യാമറ എങ്കിലും വേണം. 180 ദിവസത്തെ റെക്കോർഡിംഗ് മൊത്തമായും സൂക്ഷിക്കുകയും വേണം. റെക്കോർഡ് ചെയ്ത വീഢിയോകൾ കണ്ടും, നേരിട്ട് കണ്ട കാഴ്ചകളും വെച്ച് ഈ കസീനോകൾ എങ്ങനെയാണ് ലാഭം കൊയ്യുന്നതെന്ന് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. ഒരോ ബ്ലാക് ജാക്, റൌലറ്റ് ടേബിളുകളിലും ഇരിക്കുന്നവർ കാശു വാരി കൊണ്ട് പോകുന്നതാണ് സ്ഥിരം കാഴ്ച.

കസീനോകളിലെ ബിസ്സിനസ്സ് മനസ്സിലാകണമെങ്കിൽ ഒരു മണിക്കൂറോ, ഒരു ദിവസം മുഴുവനൊ അവിടെ പോയി വായി നോക്കി നിന്നാൽ മനസ്സിലാവില്ല. കസീനൊ ബിസ്സിനസ്സ് പ്രവർത്തിക്കുന്ന രീതി Law of Large Numbers നെ ആശ്രയിച്ചാണ്.

ഒരു നാണയം എടുത്ത് ടോസ് ചെയ്യുക. പത്ത് പ്രാവശ്യം ടോസ് ചെയ്താൽ ചിലപ്പോൾ 8 ഹെഡും, 2 ടെയിലും ആയിരിക്കും ലഭിക്കുക. എന്നത് കൊണ്ട് കോയിൻ ടോസ് ചെയ്താൽ ഹെഡ് ലഭിക്കാനുള്ള ചാൻസ് 80% ആണെന്ന് സ്ഥിരീകരിക്കാൻ ഒക്കില്ല. ഒരു പതിനായിരം തവണ ടോസ് ചെയ്തു നോക്കിയാലെ കൄത്യമായി എത്ര തവണ ഹെഡ് ലഭിക്കാനുള്ള സാദ്ധ്യത അറിയാനൊക്കു. ഈ പരീക്ഷണം പലരും നടത്തിയിട്ടുണ്ട്. ഹെഡ് വീഴാനൊ, ടെയിൽസ് വീഴാനൊ ഉള്ള ചാൻസ് 50% എന്ന് തെളിയിച്ചത് അങ്ങനെയാണ്. ഇത് പോലെ ഒരു ആശുപത്രിയിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ആണ് - പെണ് അനുപാതം കണ്ടു പിടിക്കാനുള്ള രീതിയും ഈ Law of large numbers നെ ആശ്രയിച്ചാണ്. ഒരു ദിവസത്തെ ആണ്-പെണ് അനുപാതം നോക്കിയാൽ ചിലപ്പോൾ ആണ് കുട്ടികളാണ് കൂടുതൽ ജനിക്കുന്നതെന്ന അനുമാനത്തിലെത്തും. വളരെ നാളത്തെ, കുറേയധികം ജനന നിരക്ക് നിരീക്ഷിച്ചതിനു ശേഷമെ വ്യക്തമായൊരു അനുമാനത്തിലെത്താനൊക്കു.

Law of large numbers നെ ആശ്രയിച്ചു പ്രവർത്തിക്കുന്ന കണ്ടമാനം ബിസ്സിനസ്സുകളുണ്ട്. കസീനൊ വലിയൊരു ഉദാഹരണ. ഇൻഷുറൻസ് കമ്പനികളാണ് മറ്റൊന്ന്. അപകടങ്ങൾ ഉണ്ടാകുകയും, ക്ലെയിമുകൾ പാസാക്കുകയും ചെയ്യുന്നതാണ് ഇൻഷുറൻസ് കമ്പനിയിലെ ദൈനം ദിന ജോലികൾ. അവിടെ ജോലി ചെയ്യുന്ന ഒരുവന് ദൈനം ദിന പ്രവർത്തനം മാത്രം വീക്ഷിച്ചാൽ കമ്പനി നഷ്ടമാണെന്ന തോന്നലേ ഉണ്ടാകു. Law of large numbers നെ കുറിച്ച് പിടിയില്ലെങ്കിൽ ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്യുന്ന ഒരു തൊഴിലാളി ടെൻഷനടിച്ചു മരിക്കും.

Angel Investing ആണ് ലോ ഓഫ് ലാർജ് നമ്പേഴ്സ് ഉപയോഗിക്കുന്ന മറ്റൊരു ബിസ്സിനസ്സ്. ഒരു സ്‌‌റ്റാർട്ടപ്പിൻറെ പ്രാരംഭ ഘട്ടത്തിൽ ഒരു സംരംഭകൻ മൂലധനത്തിനു വേണ്ടി സമീപിക്കുന്നവരാണ് ഈ മാലാഖമാർ. ഇത് മിക്കവാറും ഒരു വ്യക്തിയല്ല. 10-25 പേരടങ്ങുന്ന ഒരു സംഘമാകും. ഒരോരുത്തർ നാലോ അഞ്ച് ലക്ഷം രൂപയെ അവരുടെ കൈയ്യിൽ നിന്നും ഇറക്കു. 10-25 പേർ ഉണ്ടെങ്കിൽ റിസ്ക് വീതിച്ചു പോകും. സംരംഭകനെ സംബന്ധിച്ചിടത്തോളം വലിയൊരു തുക ലഭിക്കുകയും ചെയ്യും. അവർ നൽകുന്ന കാശിനു പകരമായി കമ്പനിയുടെ 1%-2% വരെ ഇക്വിറ്റി Angel ന് നൽകണം. ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം ഇതിൻറെ ഒരു ഗുണം, കമ്പനിയുടെ പ്രാരംഭ ഘട്ടത്തിൽ കടം ഇല്ലാതെ മൂലധനം സമാഹരിക്കാം എന്നതാണ്. കടം ഇല്ലാതെ ഒരു ബിസ്സിനസ്സ് തുടങ്ങാൻ കഴിഞ്ഞാൽ കമ്പനിയിൽ നിന്ന് പുറത്തേയ്‌‌ക്കൊഴുകുന്ന ക്യാഷ് നിയന്ത്രിക്കാനൊക്കും. ആ കാശ് തിരിച്ച് കമ്പനിയിൽ ഇൻവെസ്റ്റ് ചെയ്ത് പെട്ടെന്ന് വളരാനുള്ള സാഹചര്യവും ഉണ്ടാകും എന്നതാണ്.

ഒരു ഏഞ്ചൽ പണം നിക്ഷേപിക്കുന്ന രീതിയിലാണ് Law of large numbers ഉപയോഗിക്കുന്നത്. അവർ നാപ്പത് അമ്പതു കമ്പനികളിൽ നിക്ഷേപിക്കും. അതിൽ എട്ട് കമ്പനികൾ പൊട്ടി പോയാലും മറ്റു രണ്ട് കമ്പനികളിൽ നിന്നും നഷ്ടം നികത്താം. ഇൻഡസ്‌‌ട്രിയിലെ ഒരു കണക്കനുസരിച്ച് ഒരു ഏഞ്ചൽന് 25% വരെ റിട്ടേണ് ലഭിക്കുന്നുണ്ട് എന്നാണ് കണക്ക്. ഇവർ നാപ്പത് അമ്പതു കമ്പനികളിൽ നിക്ഷേപിക്കുന്നത് ഒരു ആറേഴു കൊല്ലം കൊണ്ടാണ്. അതിനാൽ അസാമാന്യ ക്ഷമയും, ഒരു കമ്പനി പൂട്ടി പോകുന്നത് കണ്ട് ഹൄദയ സ്തംഭനം വരുകയും ചെയ്യുന്നവരാണെങ്കിൽ ഏഞ്ചലാകാൻ പോകരുത്.

ഇതെഴുതാൻ പ്രചോദനമായത് VK ആദർശിൻറെ ഒരു പോസ്‌‌റ്റാണ്. അതിൽ Startup India യുടെ ഭാഗമായി ബാങ്ക് ലോണ് നൽകുന്നതായി ആദർശ് പോസ്‌‌റ്റ് ചെയ്തിരുന്നു. Standup India എന്നതാണ് പ്രോഡക്ടിൻറെ പേര്. സ്വന്തം കാലിൽ നിൽക്കാനാഗ്രഹിക്കുന്നവർക്ക് മൂലധനം നൽകുന്ന പരിപാടി. വളരെ നല്ല സ്കീമാണ്. ബാങ്കുകൾ പക്ഷെ സാമ്പ്രദായിക രീതികളിൽ തന്നെ ചിന്തിക്കുന്നതിൽ ചെറുതല്ലാത്ത കുഴപ്പമുണ്ട്. ഉദാഹരണം, ആദർശ് സൂചിപ്പിച്ച പ്രോഡക്ടിൻറെ റിസ്ക് മുഴുവനും ആ ബാങ്കിനു മാത്രമാണ്. അതും പത്തു ലക്ഷം രൂപ മൊത്തം ബാങ്കിനു നഷ്ടപ്പെടും. എന്നാൽ പല ബാങ്കുകൾ കൈകോർത്ത് ഒരു ഏഞ്ചൽ ഫണ്ട് സ്വരൂപിക്കാൻ ശ്രമിച്ചു കൂടെ?. ഒരു ബാങ്ക് ഈ ഫണ്ടിലേയ്‌‌ക്ക് ചെറിയ ഒരു തുക കോണ്ട്രിബ്യൂട്ട് ചെയ്താൽ മതി. ഒന്നൊ രണ്ടോ ലക്ഷം. റിസ്ക് വീതിച്ചെടുക്കാം. ഇക്വിറ്റി വാങ്ങി പണം മൂലധനമായി നൽകിയാൽ ബാങ്കിനു ലഭിക്കുന്ന ലാഭം ഒരു സാമ്പ്രദായിക ലോണിനേക്കാൾ പതിൻമടങ്ങാണ്.

മെസഞ്ചറുകളുടെ ലോകം

കുട്ടിക്കാലത്ത് വീട്ടു സാമാനങ്ങൾ വാങ്ങാൻ പോയിരുന്നത് പാലക്കാട്, മേലാമുറി ചന്തയിലാണ്. ആദ്യം കൄഷ്ണൻ മൂത്താൻറെ പച്ചക്കറിക്കട. പിന്നെ ലാസറു ചേട്ടൻറെ പലചരക്കു കട. അല്ലറ ചില്ലറ ബേക്കറി സാധനവും ലാസറു ചേട്ടൻറെ കടയിൽ കിട്ടും. ചായക്ക് മുക്കാനുള്ള ആരോറൂട്ടിൻറെ ബിസ്കറ്റ് ഒക്കെ. അതോടെ ഷോപ്പിംഗ് തീർന്നു. അൽപം കൂടെ സൈക്കിൾ ചവിട്ടി ചെന്നാൽ ഡാൻസ് മാർക്കെറ്റ്. അവിടെയാണ് ഇറച്ചി/മീൻ വിൽക്കുന്ന ചന്ത. മേലാമുറി ചന്ത പാലക്കാട് ടൌണിൽ നിന്നൽപം വിട്ടാണ്. ഒരു പക്ഷെ കേരളത്തിലെ ഒട്ടു മിക്ക പട്ടണങ്ങളിലും ചന്തയുടെ സ്ഥാനം ഇതു പോലൊരു സ്ഥലത്തായിരിക്കും. ചെങ്ങന്നൂർ ജീവിച്ചിട്ടുണ്ട്, കോട്ടയം ചന്ത കണ്ടിട്ടുണ്ട്, ചങ്ങനാശ്ശേരി ചന്തയിലും പോയിട്ടുണ്ട്. തുണിക്കട, റെസ്‌‌റ്ററൻറുകൾ ഒക്കെ ഇരിക്കുന്ന കേന്ദ്രങ്ങളിൽ നിന്ന് അൽപം മാറിയാണ് ചന്ത സ്ഥിഥി ചെയ്യുന്നത്. ചന്തയിൽ പോകണമെങ്കിൽ ചന്തയിലോട്ടായിട്ട് തന്നെ പോകണം.

പാലക്കാട് മേലാമുറി ചന്തയിലേയ്‌‌ക്ക് ഡയറക്ട് ആക്സസ്സ് അതിനു ചുറ്റുവട്ടം കിടക്കുന്ന പാലക്കാട് മുനിസിപ്പാലിറ്റിയിലെ നാലൊ അഞ്ചൊ ടൌണുകൾക്ക് മാത്രമാണ്. മുനിസിപ്പാലിറ്റിക്ക് വെളിയിലുള്ള പ്രാന്ത പ്രദേശങ്ങൾക്കുള്ളവർക്ക് ഉന്തു വണ്ടിയിൽ കൊണ്ടു വരുന്ന പച്ചക്കറികളും, മേലാമുറി ചന്തയിലെ മൊത്തക്കച്ചവടക്കാരിൽ നിന്ന് വാങ്ങി വിൽക്കുന്ന ചെറിയ റീട്ടേയിൽ പലചരക്കു കടക്കാരുമാണു ആശ്രയം.

ഈ സീനിലേയ്‌‌ക്കാണ് ബിഗ് ബസാർ പോലുള്ള ചെയ്നുകൾ വന്നത്. വില, വെറൈറ്റി എന്നിവയിൽ വളരെ കൊമ്പറ്റീറ്റാവ് ആയൊരു മാറ്റം വരുത്തിയാണ് മാർക്കെറ്റ് പിടിച്ചതെന്ന് സമ്മതിക്കുന്നു. എന്നാൽ സ്ഫോടനാത്മകമായൊരു മാറ്റം വരുത്തിയത് ഉൽപ്പന്നങ്ങളുടെ വിതരണ മോഡലിലാണ്. ബിഗ് ബസാർ ഷോപ്പുകൾ കേന്ദ്രീകരിച്ചിരിക്കുന്നത് ടൌണിൻറെ മദ്ധ്യത്തിലാണ്. ടൌണിൽ മറ്റാവശ്യങ്ങൾക്ക് വരുന്നവർക്കും പലചരക്ക്, പച്ചക്കറി, സ്റ്റേഷനറി സാധനങ്ങൾ വാങ്ങി പോകാവുന്ന രീതിയിലാണ് അവർ കടകൾ ക്രമീകരിച്ചത്. ചന്തയിലെ അളിപിളി ഇല്ല. അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കാളക്കൂറ്റൻമാർക്ക് സൈഡ് കൊടുക്കണ്ട. എല്ലാം കൄത്യമായി ഷെൽഫുകളിൽ അടുക്കി വെച്ചിരിക്കുന്നു. തൂക്കി നോക്കണ്ട, വില പേശണ്ട. സാധനം എടുത്ത് കാർട്ടിലിടുക, കാശു കൊടുക്കുക ഇറങ്ങി പോരുക.

ഇത്രയും പറഞ്ഞത് ഒരു ഉൽപ്പെന്നം വിപണിയിലെത്തിക്കുന്നതിൽ വിതരണ ശൄംഘലയ്‌‌ക്കുള്ള പ്രസക്തി എടുത്തു കാണിക്കാനാണ്. മാർക്കെറ്റിംഗിൽ എം.ബി.എ ഒക്കെ പഠിച്ചവർ ആദ്യ വർഷം പഠിക്കുന്നതാണ് 4Ps of marketing. Product, Price, Place(വിതരണം), Promotion ആണ് ആ നാലു P കൾ. ഈ നാലു അംശങ്ങളിൽ ഒന്നൊ അതിൽ കൂടതൽ അംശങ്ങളെ വിദഗ്‌‌ദ്ധമായി മാനിപ്പുലേറ്റ് ചെയ്താണ് ഒരു ഉത്പന്നം മാർക്കെറ്റിലെത്തിക്കുന്നത്. ഒന്നിലെങ്കിലും തങ്ങളുടെ കോംപറ്റീഷനുമായി ഒരു വത്യാസം ഉണ്ടായെങ്കിലേ ഫലപ്രദമായി പ്രോഡക്ട് വിൽക്കാനൊക്കു. മിക്ക കമ്പനികളും പുതിയ പുതിയ വിതരണ മേഖലകളും, പ്രൊമോഷണൽ സ്‌‌ട്രാറ്റജികളും തുടരെ അന്വേഷിച്ചു കൊണ്ടിരിക്കും. പ്രോഡക്ടിലും, വിലയിലും മാറ്റം വരുത്താൻ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. പക്ഷെ, വിതരണവും, പ്രൊമോഷനും മാറ്റങ്ങൾക്ക് വിധേയമാക്കാൻ എളുപ്പമാണ്.

ഇനി വിഷയത്തിലേയ്‌‌ക്ക്

നിങ്ങൾ മൊബൈലിൽ ദിവസവും ഉപയോഗിക്കുന്ന ആപ്പുകൾ എതൊക്കെ ആയിരിക്കും. ഞാൻ ദൈനം ദിനം ഉപയോഗിക്കുന്നവ, FB Messenger, WhatsApp, iMessage, Slack, Email (വേണേൽ കിൻഡിലും ഉൾപ്പെടുത്താം.). ഒന്നൊഴിയാതെ എല്ലാം മെസ്സേജിംഗ് ആപ്പുകളാണെന്നത് യാദൄശ്ചികതയല്ല. പിന്നെ യാത്ര ചെയ്യുമ്പോൾ എയർലൈൻസ്സിൻറെ ആപ്പുകൾ. Evernote, Amazon app എന്നിവയാണ്. പ്രിസ്മ പോലുള്ളവ ഡൌണ്ലോഡ് ചെയ്യും. ഒന്നോ രണ്ട് പ്രാവശ്യം ഉപയോഗിക്കും. വല്ലവനെയും വെറുപ്പിക്കാൻ പറ്റുവെങ്കിൽ അതും ചെയ്യും. തീർന്നു ഉപയോഗം.

പറഞ്ഞ് വന്നത് ആളു കൂടുന്ന ഇടങ്ങൾ മൊബൈലിൽ മെസ്സെഞ്ചർ ആപ്പുകളിലാണ്. മനുഷ്യരാശിയുടെ ആറിലൊന്നു പേർ വാട്സാപ് ഉപയോഗിക്കുന്നു. ഏകദേശം 1 ബില്യണ് ആൾക്കാർ. 875 മില്യണ് ആൾക്കാരുണ്ട് ഫേസ്ബുക് മെസ്സഞ്ചറിൽ. ആമസോണ്, സ്നാപ്ഡീൽ, ഫ്ലിപ്കാർട്ട് എന്നിവർക്കൊക്കെ സ്വന്തമായി ആപ്പുണ്ട്. ആൾക്കാർ അതിലൊക്കെ ദിവസവും കേറി പരതണം എന്നാണ് അവർ ആഗ്രഹിക്കുന്നത്.എന്നാൽ ഇത്തരം ഒരു ലോയൽറ്റി മുതലാക്കാൻ കമ്പനികളുടെ സ്വന്തം ആപ്പുകൾ കൊണ്ടാവുന്നില്ല. അതിനാൽ ആളു കൂടുന്ന ഇടങ്ങളിലേയ്‌‌ക്ക് അവരുടെ ശ്രദ്ധ എത്തിയത് സ്വാഭാവികം. അതിനാൽ മെസ്സഞ്ചർ ആപ്പുകളെ തങ്ങളുടെ ബ്രാൻഡുകൾ ബിൽഡ് ചെയ്യാനും, ഉത്പന്നങ്ങൾ വിൽക്കാനുമുള്ള വേദി എങ്ങനെ ആക്കി മാറ്റാം എന്ന ചിന്തയിലാണവരിപ്പോൾ. അവർ അവരുടെ ഉത്പന്നങ്ങൾക്കും, ബ്രാൻഡുകൾക്കും പുതിയ ഒരു വിതരണ ശൄംഘല കണ്ടെത്തിയെന്ന് ചുരുക്കം.

അതിനാൽ മെസ്സഞ്ചറുകൾ വെറും ചാറ്റ് ആപ്ലിക്കേഷനായല്ല പുറത്തിറങ്ങുന്നത്. അതിപ്പോൾ ഒരു പ്ലാറ്റ്ഫോം ആയി മാറി കൊണ്ടിരിക്കുകയാണ്. ഒരു പ്ലാറ്റ്‌‌ഫോം എന്നാൽ മറ്റുള്ള കമ്പനികൾക്ക് അവരുടേതായ ഫീച്ചറുകൾ ഈ മെസ്സഞ്ചർ ആപ്പുകളിലേയ്‌‌ക്ക് പ്ലഗ് ചെയ്ത് തിരികി കേറ്റാവുന്ന സംവിധാനം. ആമസോണിന് തങ്ങളുടെ ഉത്പന്നങ്ങൾ ഫേസ്ബുക് മെസ്സഞ്ചർ വഴി വിൽക്കാൻ സാധിക്കും. റിലയൻസ്സിനും മറ്റും അവരുടെ മൊത്തം കസ്‌‌റ്റമർ കെയർ വാട്സാപ്പിലൂടെ ഒരു മനുഷ്യ ജീവിയെ പോലും ജോലിക്കെടുക്കാതെ നടത്താൻ സാധിക്കും (ആർട്ടിഫിഷ്യൽ ഇൻറലിജെൻസ് ഒക്കെയുള്ള ഒരു റോബോട്ടായിരിക്കും നിങ്ങളോട് സംസാരിക്കുക). ഗൂഗിൾ അല്ലോ യുടെ ഒപ്പം വരുന്ന Google Assistant ശരിക്കും ഒരു മെസ്സഞ്ചറ് പ്ലാറ്റ്‌‌ഫോം കമ്പനികൾക്കെ എങ്ങനെ ഉപയോഗിക്കാമെന്നതിൻറെ ഒരു ഉദാഹരണമാണ്. നിങ്ങൾക്ക് വേണേൽ Allo യ്‌‌ക്ക് വേണ്ടി ഇത്തരം പരിപാടികൾ ചെയ്യാം എന്ന സൂചന. ടെലിഗ്രാം മെസ്സഞ്ചറിലും, ഫേസ്ബുക് മെസ്സഞ്ചറിലുമൊക്കെ സമാനമായ ബോട്ടുകൾ ഉണ്ട്.

ഇത് ഒരു പടി കൂടി കടന്ന്; വാട്സാപ്പിൽ Amazon ൻറെ നമ്പർ എടുത്ത്. "I want dog biscut" എന്ന് പറയുന്നു. ഉടനെ പട്ടി ബിസ്കറ്റുകളുടെ ഒരു കമനീയ ശേഖരം നിങ്ങളുടെ മുന്നിൽ അവതരിക്കുന്നു. സെലക്ട് ചെയ്യുക. വാട്സാപ്പിൽ സ്‌‌റ്റോർ ചെയ്തു വെച്ചിരിക്കുന്ന ക്രെഡിറ്റ് കാർഡിൽ നിന്നും കാശും എടുക്കും. മൂന്നാം ദിവസം പട്ടി ബിസ്‌‌കറ്റ് വീട്ടിലെത്തും.

അൽപം വൈകിയാണെങ്കിലും ഗൂഗിൾ ഈ മേഖലയിലേയ്‌‌ക്ക് കടന്നത് കമ്പനികളുടെ ഈ മനം മാറ്റം മനസ്സിലാക്കിയതു കൊണ്ടാണ്. അവർക്ക് Android എന്ന സ്വന്തം വിതരണ വാഹനമുള്ളപ്പോൾ കസ്‌‌റ്റമർ അഡോപ്‌‌ഷൻ പേടിക്കണ്ട. ആൻഡ്രോയിഡ് ഫോണുകളുടെ ഡീഫോൾട്ട് മെസ്സഞ്ചർ ആപ് Allo യും, വീഡിയൊ ചാറ്റ് Duo യും ആയി മാറാൻ അധികം താമസമില്ല.

97-98 കാലത്ത്, ഗൂഗിളൊക്കെ ഇറങ്ങുന്നതിന് മുൻപ് കമ്പനികളുടെ ടി.വി പരസ്യത്തിൽ AOL കീവേർഡ് എന്നൊരു സാധനം ഉൾപ്പെടുത്തിയിരുന്നു. AOL ൻറെ സേർച്ച എഞ്ചിനിൽ ആ കീവേർഡ് കൊടുത്താൽ കമ്പനിയുടെ സൈറ്റിലെത്താം. പിന്നെ കീവേർഡുകൾ മാറി ഇൻറർനെറ്റ് ഡൊമൈൻ ആയി. പോകെ പോകെ ഡൊമൈനുകൾക്കൊപ്പം ട്വിറ്ററും, ഫേസ്ബുക് പേജും ലിസ്റ്റ് ചെയ്തു തുടങ്ങി. ഇനി മെസ്സഞ്ചറുകൾക്ക് ഉപയോഗിക്കാവുന്ന ഒരു ഫോണ്‌‌ നമ്പർ കൂടി കൊടുത്തു തുടങ്ങുന്ന കാലം വിദൂരമല്ല. 

കുടിയേറ്റത്തിന്റെ രാഷ്ട്രീയം

അന്യ സംസ്ഥാന തൊഴിലാളികളെ കുറിച്ചു പറയുമ്പഴൊക്കെ ബംഗ്ലാദേശും, ഇല്ലീഗൽ ഇമ്മിഗ്രേഷനും പൊങ്ങി വരും. ട്രംപിൻറെ തിരഞ്ഞെടുപ്പു പ്രചാരണത്തിൻറെയും ഒരു മൂഖ്യ ഘടകം ഇല്ലീഗൽ ഇമിഗ്രേഷനാണ്. രണ്ട് രാജ്യത്ത്, രണ്ട് വിഭിന്നമായ സാമ്പത്തിക ഘടനകളുള്ള രാജ്യത്ത് ഒരേ രീതിയിലുള്ള ചർച്ചകൾ കാണുമ്പോൾ കൌതുകം തോന്നി. രണ്ടിടത്തും എതിർപ്പാർട്ടിയെ കുറ്റപ്പെടുത്താനുള്ള രാഷ്ട്രീയ ആയുധമായാണ് ഇല്ലീഗൽ ഇമിഗ്രേഷനെ ഉപയോഗിക്കുന്നത്. എന്നാൽ ഇല്ലീഗൽ ഇമിഗ്രേഷൻ ഒരു രാഷ്ട്രീയ സൄഷ്ടി അല്ല. അതൊരു ക്യാപ്പിറ്റലിസ്റ്റ് മാർക്കെറ്റിൻറെ സൄഷ്ടി ആണ്.

1780 ൽ ലോകത്തെ ഏറ്റവും വലിയ പരുത്തി കയറ്റുമതി ചെയ്യുന്ന രാജ്യമായിരുന്നു നമ്മുടെ ഇൻഡ്യ. ഏഷ്യയിൽ നിന്ന് വർഷാവർഷം കയറ്റി അയച്ചിരുന്ന 400 മില്യണ് ടണ് പരുത്തിയുടെ സിംഹഭാഗവും ഇൻഡ്യയിൽ നിന്നായിരുന്നു. അന്ന് അമേരിക്കയുടെ പരുത്തി കയറ്റുമതി വെറും 1-2 മില്യണ് ടണ് മാത്രം. വെറും പത്തേ പത്തു കൊല്ലം കൊണ്ട് 25 മടങ്ങ് വർദ്ധിച്ചു. 80 കൊല്ലം കൊണ്ട് അമേരിക്ക ഇൻഡ്യയേയും ഏഷ്യയേയും പിന്തള്ളി. പിന്നെ തിരിഞ്ഞു നോക്കണ്ടി വന്നിട്ടില്ല. 200 കൊല്ലമായി ആ ആധിപത്യം തുടരുന്നു. ഇന്നും, നിങ്ങളൊരു ടീഷർട്ടൊ കോട്ടണ് ഷർട്ടൊ വങ്ങിച്ചോളു. സംഗതി ഉണ്ടാക്കീത് തിരുപ്പതിയൊ തിരിപ്പൂരൊ, ചൈനയിലൊ ഒക്കെ ആയിരിക്കും. പക്ഷെ അതിനുപയോഗിക്കുന്ന പരുത്തി വരുന്നത് ടെക്സസ്സിൽ നിന്നും ജോർജ്ജിയയിൽ നിന്നും അലബാമയിൽ നിന്നുമൊക്കെയാണ്.

ഇതെങ്ങനെ സാധിച്ചു ? സിംപിളായ ഉത്തരം സ്ലേവറി. അടിമത്തം.!

ഈ പരുത്തി കൄഷി ഒരു മല്ലൻ പണിയാണ്. ഈ ചെടി വളർത്തി കൊണ്ട് വരാൻ ചില്ലറ പാടല്ല. അധികം വെള്ളം പാടില്ല. എന്നാൽ വെള്ളം വേണം താനും. വലിയ ചൂടു താങ്ങാനാവില്ല. എന്നാൽ ചൂടും വേണം. കാറ്റുള്ള സ്ഥലമാകാൻ പാടില്ല. എന്നാൽ കടൽക്കാറ്റുള്ള ഇടങ്ങളിലാണ് നല്ല ഇനം പരുത്തി ഉണ്ടാകുക. ഇതെല്ലാം ചേർന്ന് വരുന്ന സ്ഥലത്ത് കൄഷി ചെയ്താലൊ, മുടിഞ്ഞ കള ശല്യവും. ദിവസവും ആളു നിന്ന് കള പറിച്ചാലെ ചെടി രക്ഷപെട്ട് കിട്ടു. ഇനി കൊയ്‌‌ത്തിൻറെ സമയമാകുമ്പോളാണ് അടുത്ത ഞാണിൻമേൽ കളി. ആദ്യം പരുത്തി പിളർത്തി വെയ്‌‌ക്കും. ഉണങ്ങാനായി. ആ സമയത്ത് മഴയൊ, ഈർപ്പമൊ, കാറ്റൊ ഉണ്ടായാൽ വിള പോകും. കർഷകർക്ക് ഒരു ചെറിയ അവസരമായിരിക്കും ലഭിക്കുക. ആ സമയത്ത് ഇവ പറിച്ച് ശേഖരിച്ചോണം. പറിക്കുന്നതിനൊപ്പം കുരുവും കളയണം. നടുവൊടിയുന്ന പണിയാണ്. കൄഷിയുടെ വളർച്ചയിൽ തന്നെ ഇത്ര അനിശ്ചിതത്വമുള്ളത് കൊണ്ട്, ഈ കൄഷിയിടത്തിൽ വരുന്ന തൊഴിലാളി ലഭ്യത ഒരിക്കലും മുൻകൂട്ടി കാണാൻ പറ്റില്ല. കൄത്യ സമയത്ത് വിളിച്ചാൽ വിളിപ്പുറത്ത് പണിക്കാരെ കിട്ടണമെങ്കിൽ ഒരൊറ്റ വഴിയെ ഉള്ളു. അവരെ കെട്ടിയിട്ട് പണിയിക്കുക. അമേരിക്കയെ പരുത്തി ഉത്പാദനത്തിൻറെ മുന്നിലെത്തിച്ചത് സമയത്തിനും കാലത്തിനും അനുസരിച്ചു പണിയാൻ തയ്യാറായ ഒരു തൊഴിലാളിക്കൂട്ടം അടിമകളായി ഉണ്ടായിരുന്നത് കൊണ്ടാണ്.

അടിമത്തം നിർത്തലാക്കുകയും അതിനെ തുടർന്ന് അമേരിക്കയിലെ ആഭ്യന്തര യുദ്ധമൊക്കെ ഇന്ന് ചരിത്രത്തിൻറെ ഭാഗമാണ്. അടിമത്തം നിർത്തലാക്കിയതിനു ശേഷവും ഏകദേശം 1950 കളിൽ വരെ അടിമത്തത്തിനു സമാനമായ Sharecropping എന്ന സംവിധാനമായിരുന്നു. നമ്മുടെ പാട്ടകൄഷി പോലുള്ള പരിപാടി. അതും നിർത്തലാക്കിയപ്പോൾ ഇന്ന് ഇല്ലീഗൽ ഇമിഗ്രൻസ്സിനെ വെച്ചാണ് പണി. അമേരിക്കയുടെ പരുത്തി ഉത്പനാദനത്തിനെ മറികടക്കാൻ ചൈന തൊട്ടു പുറകിലുണ്ട്. ചില വർഷങ്ങളിൽ ചൈന ഇടിച്ചു കയറും. എന്നാലും ചൈനയിലെ തുഛമായ വേതനത്തെ മറികടന്ന് ചൈനയോട് മത്സരിക്കാൻ അമേരിക്കയ്‌‌ക്ക് സാധിക്കുമെങ്കിൽ അത് ഈ ഇല്ലീഗൽ ഇമിഗ്രൻസ്സുള്ളത് കൊണ്ടാണ്. രഹസ്യമായ പരസ്യമാണെന്ന് മാത്രം.

തൊഴിലനിശ്ചിതിത്വം നില നിൽക്കുന്ന വേറൊരു മേഖലയാണ് കണ്‌‌സ്‌‌ട്രക്ഷൻ. തൊഴിലുറപ്പും, റിട്ടയർമെൻറ് ആനുകൂല്യങ്ങളും നോക്കി പോകുന്ന സ്വദേശികളായ പണിക്കാരെ ഒരിക്കലും ഈ കണ്‌‌സട്രക്ഷൻ ജോലികൾക്ക് ലഭിക്കുന്നില്ല. കൂടാതെ നല്ല അദ്ധ്വാനം വേണ്ടുന്ന ജോലിയുമാണ്. ഈ മേഖലയിൽ ലോകത്തെല്ലായിടത്തും ജോലി ചെയ്യുന്നതിൽ 60% പേരും ഇല്ലീഗൽ ഇമ്മിഗ്രൻസ്സാണ്. ന്യുയൊർക്കിലും, ചിക്കാഗോയിലെയും തൊഴിലാളികളുടെ ഇടയിൽ നടത്തിയ ഒരു സർവ്വേയിൽ 80% വരെ ആണ് ഇല്ലീഗൽ ഇമിഗ്രൻസ്സ്. അധികാരികൾക്കും അറിയാവുന്ന കാര്യമാണ്. ഇവരെ നിയന്ത്രിക്കാൻ നിയമങ്ങളുണ്ടൊ ? ഉണ്ട്. ഗവണ്മെൻറ് ആക്ഷനുകൾ എടുക്കുമൊ ? എടുക്കും. വല്ലൊ ചെറിയ കണ്‌‌വീനിയൻ സ്‌‌റ്റോറുകളിലും, ഗ്യാസ് സ്റ്റേഷൻ മുതലാളിമാരെ പിടിച്ച് കുടഞ്ഞ് ഫൈൻ വാങ്ങും. അല്ലാതെ വലിയ ഒരു പരുത്തി കർഷകനെതിരെയൊ, കണസ്‌‌ട്രക്ഷൻ കമ്പനി മുതലാളിയ്‌‌ക്കെതിരെയൊ കേസെടുക്കില്ല. കേസെടുത്ത് എന്തേലും അനിശ്ചിതത്വം ഉണ്ടാക്കിയാൽ പരുത്തി കൄഷി എന്ന വ്യവസായം അമേരിക്കയിൽ അസ്തമിക്കും. വെസ്‌‌റ്റ് ടെക്സാസ് ഒരു പ്രേത നഗരമായി മാറും. ഓയിലിൻറെ വില ഇടിഞ്ഞതോടെ ടെകസ്സസ്സ് അല്ലെങ്കിലും തകർന്നിരിക്കുകയാണ്. പരുത്തിയിലും കൂടെ പിടി മുറുക്കിയാൽ തീർന്നു.

ഇൻഡ്യയിലെ കാര്യവും വിഭിന്നമല്ല. 1993 തൊട്ട് ഇൻഡ്യ ഇൻഫ്രാസ്‌‌ട്രക്ചറിൻറെ വളർച്ചയിലാണ്. മെട്രൊ റെയിൽ, ഫ്ലൈഓവറുകൾ, നാലു വരി പാത തുടങ്ങി ഇൻഡ്യിലെ ഓരോ പട്ടണങ്ങളിലും നാലോ അഞ്ചൊ ശത കോടി ബഡ്ജറ്റുള്ള പ്രോജക്ടുകളാണ് നടക്കുന്നത്. 1955 ൽ അമേരിക്ക ഇൻറർസ്‌‌റ്റേറ്റ് ഹൈവേകൾക്ക് വേണ്ടി ചിലവാക്കിയ തുകയ്‌‌ക്കു തുല്യമായ മൂല്യമാണ് ഇൻഡ്യ ഇതിനായി വിനിയോഗിക്കുന്നത്. ഇല്ലീഗൽ ഇമിഗ്രേഷനെതിരെ ഒരു ചെറിയ ആക്ഷൻ തുടങ്ങട്ടെ ഈ പ്രോജക്ടുകളൊക്കെ അവിടെ നിക്കും. ഇതിനൊക്കെ ടെൻഡർ വിളിച്ചു പണിയെടുത്തിരിക്കുന്ന ബഹുരാഷ്ട്ര കമ്പനികൾ ഒച്ചയെടുക്കുന്നത് കാണാം.

ചുരുക്കി പറഞ്ഞാൽ ടോമി ഹിൽഫിഗറിൻറെയും, പോളോയുടെയും ഷർട്ടിടുമ്പോഴും. ഓരോ ഫ്ലൈ ഓവറിൽ വണ്ടി കയറുമ്പോഴും, ഓരോ തവണ എയർപ്പോർട്ട്, മെട്രോ സ്‌‌റ്റേഷനിലൊക്കെ ചെന്നു നിക്കുമ്പോഴും ഇതൊക്കെ തൈച്ചുണ്ടാക്കിയവരും, കെട്ടി പൊക്കി ഉണ്ടാക്കിയവരും 60% എങ്കിലും ഇല്ലീഗൽ ഇമിഗ്രൻസ്സാണെന്ന് ഓർമ്മ വേണം. അമേരിക്കയിൽ ഗുജറാത്തിൽ നിന്നും പഞ്ചാബിൽ നിന്നുമുള്ള രണ്ട് ലക്ഷം ഇൻഡ്യൽ ഇല്ലീഗൽ ഇമിഗ്രൻസ്സുണ്ട്. ഗൾഫ് രാജ്യങ്ങൾ പടുത്തുയർത്തിയ 1970 കളിലെ തൊഴിലാളികളിൽ നമ്മുടെ കേരളത്തിൽ നിന്നും ഗഫൂർക്കാ ദോസ്തു മാർ കൊണ്ട് പോയ ഇല്ലീഗൽ ഇമിഗ്രൻസ്സുണ്ടായിരുന്നു. ഏതെങ്കിലും തരത്തിലുള്ള തൊഴിൽ ചൂഷണങ്ങളില്ലാതെ വലിയ കണ്‌‌സ്‌‌ട്രക്ഷൻ ജോലികളൊ, പരുത്തി കൄഷിയൊ, തൊഴിലനിശ്ചിതത്വമുള്ള പണികളൊ ചെയ്യാൻ സാധിക്കില്ല. ചൂഷണം ചെയ്യാൻ സാധിക്കുന്ന ഒരേ ഒരു വർഗ്ഗമേ ഉള്ളു. അത് ഇല്ലീഗൽ ഇമിഗ്രൻസ്സാണ്.

ഇല്ലീഗൽ ഇമിഗ്രൻസ്സിനെ നിയന്ത്രിക്കും, എല്ലാവരെയും പുറത്താക്കും എന്നൊക്കെ അലമുറയിടുന്ന രാഷ്ട്രീയക്കാർ നുണ പറയുകയാണ്. അവർക്കൊന്നും ചെയ്യാൻ പറ്റില്ല. പണം മുടക്കുന്ന തൊഴിലുടമകൾ തിരിഞ്ഞ് ഇവരുടെ കഴുത്തിനു പിടിക്കും. രാഷ്ട്രീയക്കാർക്കും ഇതറിയാം. പക്ഷെ ഇലക്ഷനൊക്കെ ഒരു അജണ്ട ആയി ഇല്ലീഗൽ ഇമിഗ്രൻസ്സിനെ ഉപയോഗിക്കാൻ ഒരു നാണവുമില്ല.

തൊഴിലാളികളും സംസ്കാരവും

എൻറെ അമ്മ വീട് ചങ്ങനാശ്ശേരിയാണ്. വേനലവിധിക്ക് "നാട്ടിൽ" പോകുക എന്നൊരു പരിപാടിയുണ്ട്. അമ്മ വീട്ടിൽ കുറച്ചു ദിവസം. കൂടാതെ ബന്ധു വീട് സന്ദർശ്ശനം ഒക്കെ ആണ് ഈ "നാട്ടിൽ" പോക്ക് അജണ്ടയുടെ മുഖ്യ ആകർഷണം. അതിൽ കാവാലത്തുള്ള അമ്മയുടെ ചേച്ചിയുടെ വീട്ടിലേയ്‌‌ക്കുള്ള യാത്രയാണ് ഞാനും അനിയനും ഉറ്റു നോക്കിയിരുന്ന ഒരു യാത്ര. ചങ്ങനാശ്ശേരി ബോട്ട് ജട്ടിയിൽ നിന്ന് രാവിലെ 8:30 യ്‌‌ക്കുള്ള ബോട്ടിൽ കയറിയാൽ കാവാലം ലിസ്യു പള്ളീടെ മുന്നിലുള്ള കടവിൽ ഉച്ചയ്‌‌ക്ക് 12 മണി ആകുമ്പോൾ എത്തും.

ബോട്ടിലിരുന്നു മൂന്നു മണിക്കൂർ സമയം കൊല്ലുന്നത് പുറം കാഴ്ചകൾ കണ്ടാണ്. പാലക്കാടുകാരായ ഞങ്ങൾ കാളവണ്ടിയിൽ തേങ്ങയും, നെല്ലുമൊക്കെ കേറ്റി കൊണ്ട് പോകുന്നതേ കണ്ടിട്ടുള്ളു. അതിനാൽ വലിയ കെട്ടുവള്ളങ്ങൾ അതിശയമാണ്. കോട്ടയം, വൈക്കം ചന്തകളിലേയ്‌‌ക്ക് തേങ്ങ, കൊപ്ര, കയർ ഒക്കെ കയറ്റി പോകുന്ന വലിയ കെട്ട് വള്ളങ്ങൾ ഞാനും അനിയനും നോക്കിയിരിക്കും. ബോട്ടിൻറെ ഓളത്തിനൊത്ത് അവ ഇളകുന്നതും, തുഴക്കാരൻ വള്ളത്തിൻറെ നീളത്തിൽ നടന്ന് തുഴ കുത്തി വള്ളം മുന്നോട്ട് തളളുന്നതൊക്കെ അതിശയങ്ങളായിരുന്നു. കാണുന്ന കെട്ടു വള്ളങ്ങൾ എണ്ണി വെയ്‌‌ക്കും. മൂന്നു മണിക്കൂർ സമയത്ത് 80 - 100 കെട്ടു വള്ളങ്ങൾ വരെ ഞങ്ങൾ എണ്ണിയിട്ടുണ്ട്.

ഇത് 1980 കളിലെ ആദ്യ പകുതിയിൽ നടന്ന കാര്യമാണ്. 2001ൽ കല്യാണം കഴിച്ചപ്പോൾ ഭാര്യയുമായി ഇതേ യാത്ര നടത്തി. പഴയ ബോട്ട് യാത്രയുടെ ഓർമ്മ പുതുക്കലും, കാഴ്ച കാണലുമായിരുന്നു ഉദ്ദേശ്ശം. അന്ന് കെട്ടു വള്ളങ്ങൾ കാണാനായി തല പുറത്തിട്ടിരുന്നു. കെട്ടു വള്ളമൊക്കെ കണ്ടു. പക്ഷെ അതിനകത്ത് തേങ്ങയും, കയറുമൊന്നുമല്ല. നല്ല തെങ്കിൻകള്ളും കുടിച്ചിരുന്ന് അർമ്മാദിച്ചു പോകുന്ന ടൂറിസ്‌‌റ്റുകളായിരുന്നു. അത്തരം വള്ളങ്ങളെ കെട്ടു വള്ളങ്ങളെന്ന് വിളിക്കുന്നതും നിർത്തിയിരുന്നു. അവയ്‌‌ക്കെല്ലാം പുതിയ പേരും വീണിരുന്നു. "ഹൌസ് ബോട്ട്". തുഴകുത്തി വള്ളത്തിൻറെ നീളം നടന്ന് പോകുന്ന തുഴക്കാരനൊന്നുമില്ല. ഒരു ചെറിയ ചക്രം തിരിച്ച് യമഹേടെ എഞ്ചിനും വെച്ച് പോകുന്ന നല്ല ന്യു ജനറേഷൻ ഹൌസ് ബോട്ടുകൾ.

1980 ൽ നിന്ന് വിഭിന്നമായി 2001 ൽ വന്ന വത്യാസം; കേരളം ഒരു Manufacturing Economy യിൽ നിന്ന് Service Economy യിലെയ്‌‌ക്ക് മാറി എന്നതായിരുന്നു. തേങ്ങ കയറ്റി പോകുന്ന വള്ളങ്ങൾ ഉത്പാദന ഇക്കണോമിയുടെ ബിംബവും, അർമ്മാദിച്ച് ഹൌസ് ബോട്ടിൽ പോകുന്നവർ സർവ്വീസ് ഇക്കണോമിയുടെ ഉദാഹരണവും ആണ്. ഉത്പാദനത്തിലുണ്ടായ പുരോഗതി മൂലം തേങ്ങയും, കയറും ഒക്കെ വ്യാപാരത്തിനെത്തിക്കാൻ കുറച്ചൂടെ എളുപ്പ മാർഗ്ഗങ്ങൾ ഉണ്ടായി. അതായത് ഒന്നൊന്നര ദിവസം എടുത്ത് വള്ളം തുഴഞ്ഞ് ചന്തയിലെത്തിച്ചിരുന്ന ചരക്കുകൾ റോഡ് മാർഗ്ഗം പോയി തുടങ്ങി. ഉത്പാദനക്ഷമത വർദ്ധിച്ചു. വരുമാനവും വർദ്ധിച്ചു. അതിനാൽ പഴയ കെട്ടു വള്ളങ്ങൾ അർമ്മാദത്തിനുപയോഗിക്കാമെന്നായി. അർമ്മാദിക്കാൻ പണവും ഉണ്ടായി എന്നർത്ഥം.

വീട്ടിൽ തേങ്ങയിടുന്നത് ഞാനും അനിയൻമാരുമായിരുന്നു. എനിക്ക് ജോലിക്ക് പോയാൽ കിട്ടുന്ന വരുമാനവും തേങ്ങയിട്ട് കിട്ടുന്ന വരുമാനവും കമ്പയർ ചെയ്താൽ തേങ്ങയിടാൻ ഞാൻ മുതിരുന്നത് ബാലിശമായിരിക്കും. ആ സമയം വിശ്രമത്തിനുപയോഗിച്ചാൽ എനിക്ക് കൂടുതൽ ജോലി ചെയ്യാനും, കൂടുതൽ അവസരങ്ങൾ നേടിയെടുക്കാനും സാധിക്കും. അതിനാൽ നിലവിലെ Service Economy യുടെ ഫലങ്ങൾ ഞാനുപയോഗിക്കും. വളരെ ചീപ്പായ തൊഴിലാളികൾ ഉണ്ട്. ബംഗാളിയൊ, ബീഹാറിയൊ ആയിരിക്കും. അവരെ വിളിച്ചാൽ ഒരു മണിക്കൂർ കൊണ്ട് പണി തീർത്ത് പോകും.

ഇൻഡ്യയുടെ GDP യുടെ 57% ജോലികൾ ഇന്ന് സർവ്വീസ് മേഖലയിലാണ്. അതിൽ ആരോഗ്യം, ടൂറിസം, ഐ.ടി സർവ്വീസ്സസ്സ് തുടങ്ങിയ സ്കിൽ ആവശ്യമായ മേഖലകളും, ഡ്രൈവർ, പെയിൻറിംഗ്, വീട്ട് ജോലി മുതലായ അണ്‌‌സ്കിൽ ജോലികളും ഉൾപ്പെടും. ചുരുക്കി പറഞ്ഞാൽ ഇൻഡ്യയുടെ നില നിൽപ്പു തന്നെ ഇത്തരം ജോലികളിലാണ്. ഈ ജോലിക്കാർക്ക് ഇൻഡ്യയുടെ ഏതു മൂലയിലും ചെന്ന് ജോലി ചെയ്യാനൊ സമ്പാദിക്കാനൊ ഉള്ള സാഹചര്യം ഉണ്ടാകണം. ഇക്കണോമി നില നിൽക്കാനും, സമൂഹത്തിൻറെ മൊത്തമായ വളർച്ച സാദ്ധ്യമാക്കാനും ഈ സ്വാതന്ത്ര്യം ഉണ്ടായാലെ പറ്റു. അതായത് ഐ.ടി സർവ്വീസ്സ് മേഖലയിൽ ജോലി ചെയ്യുന്ന ഒരു സ്കിൽഡ് തൊഴിലാളിക്ക് ഉയർന്ന വരുമാനം ലഭിക്കുവാൻ പ്രാപ്തനാകണമെങ്കിൽ; അവൻറെ വീട്ട് ജോലി ചെയ്യാനും, കുട്ടികളെ നോക്കാനും, തോട്ടം നനയ്‌‌ക്കാനും, വീടിൻറെ അറ്റു കുറ്റ പണികൾ ചെയ്യാനും പുറം സഹായങ്ങൾ സ്വീകരിച്ചേ പറ്റു. അത് ലോക്കലി ലഭ്യമല്ലെങ്കിൽ അവൻ അന്യ സംസ്ഥാനത്തു നിന്ന് ഇറക്കുമതി ചെയ്തേ പറ്റു. തൊഴിലാളികളുടെ നീക്കങ്ങൾ മാർക്കെറ്റ് ആണ് നിശ്ചയിക്കുന്നത്. ഗവണ്മെൻറും നിയമങ്ങളുമല്ല.

ഇനി ഇറക്കുമതി ചെയ്യുന്ന തൊഴിലാളികൾ നമ്മുടെ സംസ്കാരത്തിന് ബാദ്ധ്യത ആകുന്നുണ്ടെന്ന് തോന്നിയാൽ എളുപ്പ മാർഗ്ഗമുണ്ട്. നാളെ മുതൽ തേങ്ങ ഇടീലും, കൊച്ചിനെ നോക്കലും, പറമ്പു കിളയും, വീടിൻറെ അറ്റുകുറ്റു പണികളും, തോട്ടപ്പണികളും ഒക്കെ സ്വയം ചെയ്യുക. ഇനി നിങ്ങൾ ചെറുകിട വ്യവസായി ആണെങ്കിൽ എല്ലാ പണികളും സ്വയം ഏറ്റെടുക്കുക. അല്ലെങ്കിൽ ബാംഗ്ലൂരൊ, മദ്രാസ്സിലൊ, ബോംബെയിലൊ വലിയ ശമ്പളം വാങ്ങി ജീവിക്കുന്ന സ്വന്തം സഹോദരങ്ങളെയൊ ബന്ധുക്കളെയൊ ഒക്കെ വിളിച്ചു വരുത്തി സ്വന്തം കമ്പനിയിൽ ചായ കൊണ്ട് വരാനും, പെയിൻറടിക്കാനും ഒക്കെ നിയമിക്കുക. നിങ്ങൾ ഹോട്ടൽ മുതലാളിയാണെങ്കിൽ സഹോദരർ, ബന്ധുക്കൾക്കൊക്കെ ചായ അടി പൊറോട്ട അടിയൊക്കെ വീതിച്ചു കൊടുക്കുക. അവർ ചിലപ്പോൾ അമേരിക്കയിലും, ഗൾഫിലുമൊക്കെ എഞ്ചിനീയറും ഡോക്ടറുമൊക്കെ ആയിരിക്കും. പക്ഷെ സംസ്കാരം സംരക്ഷിക്കണം എന്ന് പറഞ്ഞാൽ അവർക്ക് തിരിച്ചു വരാതിരിക്കാൻ പറ്റില്ലല്ലൊ. അങ്ങനെ ലോക്കൽ മാർക്കെറ്റിൽ ഈ പണി ഒന്നും ചെയ്യാനുള്ള അവസരങ്ങൾ ഇല്ലാതാകും. ഈ പറയുന്ന അന്യസംസ്ഥാന തൊഴിലാളികൾ തന്നെ ഇവിടം വിട്ട് പൊയ്‌‌ക്കോളും. 

ഡ്രൈവർ ഇല്ലാത്ത കാറുകൾ

ഇന്നലെ കുറച്ചു മരുന്ന് വാങ്ങാനായി കടയിൽ പോയി. അധികം ആൾപെരുമാറ്റമൊന്നുമില്ലാത്ത സ്‌‌ട്രിപ് മാളാണ്. കാർ പാർക്ക് ചെയ്ത് ഫാർമ്മസിയിലേയ്‌‌ക്ക് നടക്കുമ്പഴേ കണ്ടു, വരാന്തയിൽ ഒരു പ്രായം ചെന്ന സ്ത്രീ. കൂടി വന്നാൽ 60-65 വയസ്സേ പ്രായമുള്ളു. പക്ഷെ കൈയ്യിൽ ഒരു ഊന്നു വടിയുണ്ട്. അവർ ഫാർമ്മസിയുടെ ഭിത്തിയിൽ മറ്റേ കൈ താങ്ങിയിട്ടുണ്ട്. ഉദ്ദേശ്ശം പാർക്കിംഗ് ലോട്ടിലേയ്‌‌ക്കെത്തുകയാണ്. പക്ഷെ വരാന്തയുടെ ആ മൂന്ന് ഇഞ്ച് പൊക്കത്തിൽ നിന്ന് താഴെ ഇറങ്ങാൻ ബുദ്ധിമുട്ടുന്നു. വടി നിലത്ത് ഊന്നും. പക്ഷെ ആത്മവിശ്വാസമില്ലാത്തതിനാൽ കാലെടുത്ത് താഴെ കുത്തുന്നില്ല. ഞാൻ കാലിലേയ്‌‌ക്ക് ശ്രദ്ധിച്ചു. മന്തു വന്ന് വീർത്ത പോലെയാണ് രണ്ട് കാലുകളും. പക്ഷെ മന്തല്ല. നീരു കൊണ്ടതാണോ എന്നും അറിയില്ല. ഞാൻ നടന്ന് അടുത്തെത്തി. ഒന്നും ചോദിച്ചൊന്നുമില്ല. വെറുതെ അവർക്ക് നേരെ കൈ നീട്ടി. അവർ ഭിത്തിയിലൂന്നിയിരുന്ന കൈയ്യെടുത്ത് എൻറെ കൈയ്യിൽ പിടിച്ചു. ഞാൻ പടി ഇറങ്ങാൻ സഹായിച്ചു. ഇറങ്ങിയിട്ടും പിടി വിടുന്നില്ല. അപ്പൊ എനിക്ക് മനസ്സിലായി കാറിനടുത്തേയ്‌‌ക്കെത്താനും അവർക്ക് സഹായം വേണമെന്ന്. ഞാനൊപ്പം നടന്നു. ഒരു നാപ്പത് അമ്പതടിയേ ഉള്ളു പാർക്കിംഗിലേയ്‌‌ക്ക്. പക്ഷെ ആ ദൂരം താണ്ടാൻ ഞങ്ങൾ ഏകദേശം 10 മിനിറ്റെടുത്തു. കാറിലെത്തിയതിനു ശേഷം, കയറാനും സഹായം വേണമായിരുന്നു. കാലു പുറത്തിട്ട് സീറ്റിലിരുന്നതിനു ശേഷം വലത്തേ കാൽ അവർ കൈ കൊണ്ട് പൊക്കി കാറിൽ കയറ്റി. മറ്റേ കാൽ ഞാൻ പിടിച്ചു കൊടുക്കണ്ടി വന്നു.

അവർ പാർക്കിംഗ് ലോട്ടിൽ നിന്നും കാറെടുത്തു പോയി. പതുക്കെ ഓടിച്ചാണ് പോയത്. അവരുടെ ഡ്രൈവിംഗിൽ കാണുമ്പോൾ തെറ്റൊന്നും തോന്നിയില്ല. പക്ഷെ ഈ നില തുടർന്നാൽ അവർക്ക് അധികം താമസിയാതെ കാറോടിക്കാനുള്ള ലൈസൻസ് നഷ്ടപ്പെടും.

അമേരിക്കയിൽ ലൈസൻസ്സില്ലാതാകുന്നതാണ് വാർദ്ധക്യത്തിലേയ്‌‌ക്ക് ഊന്നുന്ന ഒരു മനുഷ്യൻറെ ഏറ്റവും വലി പേടി സ്വപ്നം. പരാശ്രയമില്ലാതെ പുറത്തു പോകുവാൻ സാധിക്കില്ലെന്ന് വെച്ചാൽ പിന്നെ അടുത്ത പടി നേഴ്‌‌സിംഗ് ഹോമിലേയ്‌‌ക്ക് മാറുക എന്നതാണ്. ഇത് ഒരു വെറും പറിച്ചു നടീലല്ല. സാമൂഹികവും സാമ്പത്തികവുമായ കണ്ടമാനം പ്രത്യാഖാതങ്ങൾ ഉള്ള തീരുമാനമാണത്.

നേഴ്സിംഗ് ഹോമിൽ സൌകര്യങ്ങൾക്കനുസരിച്ച് $5000 മുതൽ $15000 വരെ ആണ് മാസ വരി. വലിയ സാമ്പത്തികമില്ലാത്ത സാധാരണ അമേരിക്കക്കാർ, അതായത് ഭൂരിപക്ഷം, രണ്ട് രീതിയിലാണ് ഇത് സാധിക്കുന്നത്. വീട് വിൽക്കും. ആ സമയം ആകുമ്പോൾ വീടിൻറെ മോർട്‌‌ഗേജ് അടഞ്ഞു തീർന്നിരിക്കും എന്നാണ് വെയ്‌‌പ്പ്. വീട് വിറ്റ കാശു നേഴ്സിംഗ് ഹോമിന് ഏൽപ്പിക്കും. 10 കൊല്ലത്തിനുള്ളിൽ മരിച്ചാൽ ഒരു നിശ്ചിത ശതമാം നേഴ്‌‌സിംഗ് ഹോം എടുത്ത് ബാക്കി മക്കൾക്കൊ അവകാശികൾക്കൊ കൊടുക്കും. 20 കൊല്ലത്തിൽ കുറച്ചധികം ശതമാനം കിഴിക്കും. അങ്ങനെ അങ്ങനെ.

വേറൊരു രീതി റിവേഴ്‌‌സ് മോർട്‌‌ഗേജ് ആണ്. ചിലപ്പോൾ മക്കൾക്ക് വീട് വിൽക്കാൻ താത്പര്യമില്ലായിരിക്കും. അപ്പോൾ ബാങ്ക് വീട് ഈട് വെച്ച് മാസാമാസം ഒരു നിശ്ചിത എമൌണ്ട് നിങ്ങൾക്ക് അയച്ചു തരും. മക്കൾക്കൊ അവകാശികൾക്കൊ ആ വീട്ടിൽ താമസിക്കാം. മരണ ശേഷം താമസം തുടരണമെങ്കിൽ മക്കളോ, അവകാശികളോ അതു വരെ കൊടുത്ത പൈസയും പലിശയും വീടിൻറെ മോർട്‌‌ഗേജ് ആയി കണക്കാക്കി തിരിച്ചടയ്‌‌ക്കണം.

ഗവണ്മെൻറിൻറെ ഇൻഷുറൻസ്സായ മെഡിക്കെയർ ഉപയോഗിച്ച് ഫ്രീ ആയി നേഴ്‌‌സിംഗ് ഹോമിൽ പോകാം. പക്ഷെ അത് ഒന്നിൽ കൂടുതൽ ആൾക്കാരുള്ള മുറിയും. മക്കൾക്കൊ ബന്ധുക്കൾക്കൊ വന്നു കാണാൻ സാധിക്കാത്ത ദൂരത്തിലൊക്കെ ആയിരിക്കും.

വാർദ്ധക്യത്തെ കുറിച്ചൊന്നും ആലോചിച്ചു തുടങ്ങിയിട്ടില്ലെങ്കിലും ഇതൊക്കെ കാണുമ്പോൾ തന്നെ ആലോചിച്ചു പോകും. എൻറെ പ്രതീക്ഷ ടെക്നോളജിയിലാണ്. ഡ്രൈവർ ലെസ് കാറുകൾ വ്യാപകമാകുകയും പരാശ്രയമില്ലാതെ കാറുകൾ ഡ്രൈവ് ചെയ്തു കൊണ്ട് പോകാൻ സാധിക്കുമെങ്കിൽ നേഴ്‌‌സിംഗ് ഹോമിൽ പോകാതെ ജീവിക്കാമെന്നാണ് പ്രതീക്ഷ. നിലവിൽ 2025 ആകുമ്പഴേയ്‌‌ക്ക് ഡ്രൈവർ ലെസ് കാറുകൾ വ്യാപകമാകുമെന്നും ഡ്രൈവിംഗ്, ഡ്രഗ് ഉപയോഗം പോലെ ഇല്ലീഗൽ ആയി മാറുമെന്നുമാണ് ഞാൻ പ്രതീക്ഷിക്കുന്നത്.

കുതിര വണ്ടികൾ കാറുകൾക്ക് വഴിമാറിയതിനേലും സ്ഫോടനാത്മകമായിരിക്കും ഡ്രൈവർ ലെസ്സ് കാറുകൾ സമൂഹത്തിൽ ഉണ്ടാക്കാൻ പോകുന്ന മാറ്റം. എന്തൊക്കെ ബിസ്സിനസ്സുകൾ ഇല്ലാതാകും ?, ട്രാഫിക് നിയമങ്ങൾ മൊത്തം പൊളിച്ചെഴുതണ്ടെ ?. കാറിടിച്ചാൽ ആരുടെയായിരിക്കും കുറ്റം? വാഹന മോഷ്ടാക്കളുടെ കാര്യം കഷ്ടമാകും. കഷ്ടപ്പെട്ട് വാഹനം അടിച്ചു മാറ്റി കൊണ്ട് പോയാലും, പിറ്റേ ദിവസം വാഹന ഉടമ ഫോണിലേ ആപ്പിൽ നിന്ന് കാറു വിളിച്ചാൽ കാറു തന്നെ വീട്ടിലെത്തില്ലെ ?. കാത്തിരുന്നു കാണാം.