Wednesday, September 28, 2016

ഡ്രൈവർ ഇല്ലാത്ത കാറുകൾ

ഇന്നലെ കുറച്ചു മരുന്ന് വാങ്ങാനായി കടയിൽ പോയി. അധികം ആൾപെരുമാറ്റമൊന്നുമില്ലാത്ത സ്‌‌ട്രിപ് മാളാണ്. കാർ പാർക്ക് ചെയ്ത് ഫാർമ്മസിയിലേയ്‌‌ക്ക് നടക്കുമ്പഴേ കണ്ടു, വരാന്തയിൽ ഒരു പ്രായം ചെന്ന സ്ത്രീ. കൂടി വന്നാൽ 60-65 വയസ്സേ പ്രായമുള്ളു. പക്ഷെ കൈയ്യിൽ ഒരു ഊന്നു വടിയുണ്ട്. അവർ ഫാർമ്മസിയുടെ ഭിത്തിയിൽ മറ്റേ കൈ താങ്ങിയിട്ടുണ്ട്. ഉദ്ദേശ്ശം പാർക്കിംഗ് ലോട്ടിലേയ്‌‌ക്കെത്തുകയാണ്. പക്ഷെ വരാന്തയുടെ ആ മൂന്ന് ഇഞ്ച് പൊക്കത്തിൽ നിന്ന് താഴെ ഇറങ്ങാൻ ബുദ്ധിമുട്ടുന്നു. വടി നിലത്ത് ഊന്നും. പക്ഷെ ആത്മവിശ്വാസമില്ലാത്തതിനാൽ കാലെടുത്ത് താഴെ കുത്തുന്നില്ല. ഞാൻ കാലിലേയ്‌‌ക്ക് ശ്രദ്ധിച്ചു. മന്തു വന്ന് വീർത്ത പോലെയാണ് രണ്ട് കാലുകളും. പക്ഷെ മന്തല്ല. നീരു കൊണ്ടതാണോ എന്നും അറിയില്ല. ഞാൻ നടന്ന് അടുത്തെത്തി. ഒന്നും ചോദിച്ചൊന്നുമില്ല. വെറുതെ അവർക്ക് നേരെ കൈ നീട്ടി. അവർ ഭിത്തിയിലൂന്നിയിരുന്ന കൈയ്യെടുത്ത് എൻറെ കൈയ്യിൽ പിടിച്ചു. ഞാൻ പടി ഇറങ്ങാൻ സഹായിച്ചു. ഇറങ്ങിയിട്ടും പിടി വിടുന്നില്ല. അപ്പൊ എനിക്ക് മനസ്സിലായി കാറിനടുത്തേയ്‌‌ക്കെത്താനും അവർക്ക് സഹായം വേണമെന്ന്. ഞാനൊപ്പം നടന്നു. ഒരു നാപ്പത് അമ്പതടിയേ ഉള്ളു പാർക്കിംഗിലേയ്‌‌ക്ക്. പക്ഷെ ആ ദൂരം താണ്ടാൻ ഞങ്ങൾ ഏകദേശം 10 മിനിറ്റെടുത്തു. കാറിലെത്തിയതിനു ശേഷം, കയറാനും സഹായം വേണമായിരുന്നു. കാലു പുറത്തിട്ട് സീറ്റിലിരുന്നതിനു ശേഷം വലത്തേ കാൽ അവർ കൈ കൊണ്ട് പൊക്കി കാറിൽ കയറ്റി. മറ്റേ കാൽ ഞാൻ പിടിച്ചു കൊടുക്കണ്ടി വന്നു.

അവർ പാർക്കിംഗ് ലോട്ടിൽ നിന്നും കാറെടുത്തു പോയി. പതുക്കെ ഓടിച്ചാണ് പോയത്. അവരുടെ ഡ്രൈവിംഗിൽ കാണുമ്പോൾ തെറ്റൊന്നും തോന്നിയില്ല. പക്ഷെ ഈ നില തുടർന്നാൽ അവർക്ക് അധികം താമസിയാതെ കാറോടിക്കാനുള്ള ലൈസൻസ് നഷ്ടപ്പെടും.

അമേരിക്കയിൽ ലൈസൻസ്സില്ലാതാകുന്നതാണ് വാർദ്ധക്യത്തിലേയ്‌‌ക്ക് ഊന്നുന്ന ഒരു മനുഷ്യൻറെ ഏറ്റവും വലി പേടി സ്വപ്നം. പരാശ്രയമില്ലാതെ പുറത്തു പോകുവാൻ സാധിക്കില്ലെന്ന് വെച്ചാൽ പിന്നെ അടുത്ത പടി നേഴ്‌‌സിംഗ് ഹോമിലേയ്‌‌ക്ക് മാറുക എന്നതാണ്. ഇത് ഒരു വെറും പറിച്ചു നടീലല്ല. സാമൂഹികവും സാമ്പത്തികവുമായ കണ്ടമാനം പ്രത്യാഖാതങ്ങൾ ഉള്ള തീരുമാനമാണത്.

നേഴ്സിംഗ് ഹോമിൽ സൌകര്യങ്ങൾക്കനുസരിച്ച് $5000 മുതൽ $15000 വരെ ആണ് മാസ വരി. വലിയ സാമ്പത്തികമില്ലാത്ത സാധാരണ അമേരിക്കക്കാർ, അതായത് ഭൂരിപക്ഷം, രണ്ട് രീതിയിലാണ് ഇത് സാധിക്കുന്നത്. വീട് വിൽക്കും. ആ സമയം ആകുമ്പോൾ വീടിൻറെ മോർട്‌‌ഗേജ് അടഞ്ഞു തീർന്നിരിക്കും എന്നാണ് വെയ്‌‌പ്പ്. വീട് വിറ്റ കാശു നേഴ്സിംഗ് ഹോമിന് ഏൽപ്പിക്കും. 10 കൊല്ലത്തിനുള്ളിൽ മരിച്ചാൽ ഒരു നിശ്ചിത ശതമാം നേഴ്‌‌സിംഗ് ഹോം എടുത്ത് ബാക്കി മക്കൾക്കൊ അവകാശികൾക്കൊ കൊടുക്കും. 20 കൊല്ലത്തിൽ കുറച്ചധികം ശതമാനം കിഴിക്കും. അങ്ങനെ അങ്ങനെ.

വേറൊരു രീതി റിവേഴ്‌‌സ് മോർട്‌‌ഗേജ് ആണ്. ചിലപ്പോൾ മക്കൾക്ക് വീട് വിൽക്കാൻ താത്പര്യമില്ലായിരിക്കും. അപ്പോൾ ബാങ്ക് വീട് ഈട് വെച്ച് മാസാമാസം ഒരു നിശ്ചിത എമൌണ്ട് നിങ്ങൾക്ക് അയച്ചു തരും. മക്കൾക്കൊ അവകാശികൾക്കൊ ആ വീട്ടിൽ താമസിക്കാം. മരണ ശേഷം താമസം തുടരണമെങ്കിൽ മക്കളോ, അവകാശികളോ അതു വരെ കൊടുത്ത പൈസയും പലിശയും വീടിൻറെ മോർട്‌‌ഗേജ് ആയി കണക്കാക്കി തിരിച്ചടയ്‌‌ക്കണം.

ഗവണ്മെൻറിൻറെ ഇൻഷുറൻസ്സായ മെഡിക്കെയർ ഉപയോഗിച്ച് ഫ്രീ ആയി നേഴ്‌‌സിംഗ് ഹോമിൽ പോകാം. പക്ഷെ അത് ഒന്നിൽ കൂടുതൽ ആൾക്കാരുള്ള മുറിയും. മക്കൾക്കൊ ബന്ധുക്കൾക്കൊ വന്നു കാണാൻ സാധിക്കാത്ത ദൂരത്തിലൊക്കെ ആയിരിക്കും.

വാർദ്ധക്യത്തെ കുറിച്ചൊന്നും ആലോചിച്ചു തുടങ്ങിയിട്ടില്ലെങ്കിലും ഇതൊക്കെ കാണുമ്പോൾ തന്നെ ആലോചിച്ചു പോകും. എൻറെ പ്രതീക്ഷ ടെക്നോളജിയിലാണ്. ഡ്രൈവർ ലെസ് കാറുകൾ വ്യാപകമാകുകയും പരാശ്രയമില്ലാതെ കാറുകൾ ഡ്രൈവ് ചെയ്തു കൊണ്ട് പോകാൻ സാധിക്കുമെങ്കിൽ നേഴ്‌‌സിംഗ് ഹോമിൽ പോകാതെ ജീവിക്കാമെന്നാണ് പ്രതീക്ഷ. നിലവിൽ 2025 ആകുമ്പഴേയ്‌‌ക്ക് ഡ്രൈവർ ലെസ് കാറുകൾ വ്യാപകമാകുമെന്നും ഡ്രൈവിംഗ്, ഡ്രഗ് ഉപയോഗം പോലെ ഇല്ലീഗൽ ആയി മാറുമെന്നുമാണ് ഞാൻ പ്രതീക്ഷിക്കുന്നത്.

കുതിര വണ്ടികൾ കാറുകൾക്ക് വഴിമാറിയതിനേലും സ്ഫോടനാത്മകമായിരിക്കും ഡ്രൈവർ ലെസ്സ് കാറുകൾ സമൂഹത്തിൽ ഉണ്ടാക്കാൻ പോകുന്ന മാറ്റം. എന്തൊക്കെ ബിസ്സിനസ്സുകൾ ഇല്ലാതാകും ?, ട്രാഫിക് നിയമങ്ങൾ മൊത്തം പൊളിച്ചെഴുതണ്ടെ ?. കാറിടിച്ചാൽ ആരുടെയായിരിക്കും കുറ്റം? വാഹന മോഷ്ടാക്കളുടെ കാര്യം കഷ്ടമാകും. കഷ്ടപ്പെട്ട് വാഹനം അടിച്ചു മാറ്റി കൊണ്ട് പോയാലും, പിറ്റേ ദിവസം വാഹന ഉടമ ഫോണിലേ ആപ്പിൽ നിന്ന് കാറു വിളിച്ചാൽ കാറു തന്നെ വീട്ടിലെത്തില്ലെ ?. കാത്തിരുന്നു കാണാം. 

No comments:

Post a Comment