Wednesday, September 28, 2016

മെസഞ്ചറുകളുടെ ലോകം

കുട്ടിക്കാലത്ത് വീട്ടു സാമാനങ്ങൾ വാങ്ങാൻ പോയിരുന്നത് പാലക്കാട്, മേലാമുറി ചന്തയിലാണ്. ആദ്യം കൄഷ്ണൻ മൂത്താൻറെ പച്ചക്കറിക്കട. പിന്നെ ലാസറു ചേട്ടൻറെ പലചരക്കു കട. അല്ലറ ചില്ലറ ബേക്കറി സാധനവും ലാസറു ചേട്ടൻറെ കടയിൽ കിട്ടും. ചായക്ക് മുക്കാനുള്ള ആരോറൂട്ടിൻറെ ബിസ്കറ്റ് ഒക്കെ. അതോടെ ഷോപ്പിംഗ് തീർന്നു. അൽപം കൂടെ സൈക്കിൾ ചവിട്ടി ചെന്നാൽ ഡാൻസ് മാർക്കെറ്റ്. അവിടെയാണ് ഇറച്ചി/മീൻ വിൽക്കുന്ന ചന്ത. മേലാമുറി ചന്ത പാലക്കാട് ടൌണിൽ നിന്നൽപം വിട്ടാണ്. ഒരു പക്ഷെ കേരളത്തിലെ ഒട്ടു മിക്ക പട്ടണങ്ങളിലും ചന്തയുടെ സ്ഥാനം ഇതു പോലൊരു സ്ഥലത്തായിരിക്കും. ചെങ്ങന്നൂർ ജീവിച്ചിട്ടുണ്ട്, കോട്ടയം ചന്ത കണ്ടിട്ടുണ്ട്, ചങ്ങനാശ്ശേരി ചന്തയിലും പോയിട്ടുണ്ട്. തുണിക്കട, റെസ്‌‌റ്ററൻറുകൾ ഒക്കെ ഇരിക്കുന്ന കേന്ദ്രങ്ങളിൽ നിന്ന് അൽപം മാറിയാണ് ചന്ത സ്ഥിഥി ചെയ്യുന്നത്. ചന്തയിൽ പോകണമെങ്കിൽ ചന്തയിലോട്ടായിട്ട് തന്നെ പോകണം.

പാലക്കാട് മേലാമുറി ചന്തയിലേയ്‌‌ക്ക് ഡയറക്ട് ആക്സസ്സ് അതിനു ചുറ്റുവട്ടം കിടക്കുന്ന പാലക്കാട് മുനിസിപ്പാലിറ്റിയിലെ നാലൊ അഞ്ചൊ ടൌണുകൾക്ക് മാത്രമാണ്. മുനിസിപ്പാലിറ്റിക്ക് വെളിയിലുള്ള പ്രാന്ത പ്രദേശങ്ങൾക്കുള്ളവർക്ക് ഉന്തു വണ്ടിയിൽ കൊണ്ടു വരുന്ന പച്ചക്കറികളും, മേലാമുറി ചന്തയിലെ മൊത്തക്കച്ചവടക്കാരിൽ നിന്ന് വാങ്ങി വിൽക്കുന്ന ചെറിയ റീട്ടേയിൽ പലചരക്കു കടക്കാരുമാണു ആശ്രയം.

ഈ സീനിലേയ്‌‌ക്കാണ് ബിഗ് ബസാർ പോലുള്ള ചെയ്നുകൾ വന്നത്. വില, വെറൈറ്റി എന്നിവയിൽ വളരെ കൊമ്പറ്റീറ്റാവ് ആയൊരു മാറ്റം വരുത്തിയാണ് മാർക്കെറ്റ് പിടിച്ചതെന്ന് സമ്മതിക്കുന്നു. എന്നാൽ സ്ഫോടനാത്മകമായൊരു മാറ്റം വരുത്തിയത് ഉൽപ്പന്നങ്ങളുടെ വിതരണ മോഡലിലാണ്. ബിഗ് ബസാർ ഷോപ്പുകൾ കേന്ദ്രീകരിച്ചിരിക്കുന്നത് ടൌണിൻറെ മദ്ധ്യത്തിലാണ്. ടൌണിൽ മറ്റാവശ്യങ്ങൾക്ക് വരുന്നവർക്കും പലചരക്ക്, പച്ചക്കറി, സ്റ്റേഷനറി സാധനങ്ങൾ വാങ്ങി പോകാവുന്ന രീതിയിലാണ് അവർ കടകൾ ക്രമീകരിച്ചത്. ചന്തയിലെ അളിപിളി ഇല്ല. അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കാളക്കൂറ്റൻമാർക്ക് സൈഡ് കൊടുക്കണ്ട. എല്ലാം കൄത്യമായി ഷെൽഫുകളിൽ അടുക്കി വെച്ചിരിക്കുന്നു. തൂക്കി നോക്കണ്ട, വില പേശണ്ട. സാധനം എടുത്ത് കാർട്ടിലിടുക, കാശു കൊടുക്കുക ഇറങ്ങി പോരുക.

ഇത്രയും പറഞ്ഞത് ഒരു ഉൽപ്പെന്നം വിപണിയിലെത്തിക്കുന്നതിൽ വിതരണ ശൄംഘലയ്‌‌ക്കുള്ള പ്രസക്തി എടുത്തു കാണിക്കാനാണ്. മാർക്കെറ്റിംഗിൽ എം.ബി.എ ഒക്കെ പഠിച്ചവർ ആദ്യ വർഷം പഠിക്കുന്നതാണ് 4Ps of marketing. Product, Price, Place(വിതരണം), Promotion ആണ് ആ നാലു P കൾ. ഈ നാലു അംശങ്ങളിൽ ഒന്നൊ അതിൽ കൂടതൽ അംശങ്ങളെ വിദഗ്‌‌ദ്ധമായി മാനിപ്പുലേറ്റ് ചെയ്താണ് ഒരു ഉത്പന്നം മാർക്കെറ്റിലെത്തിക്കുന്നത്. ഒന്നിലെങ്കിലും തങ്ങളുടെ കോംപറ്റീഷനുമായി ഒരു വത്യാസം ഉണ്ടായെങ്കിലേ ഫലപ്രദമായി പ്രോഡക്ട് വിൽക്കാനൊക്കു. മിക്ക കമ്പനികളും പുതിയ പുതിയ വിതരണ മേഖലകളും, പ്രൊമോഷണൽ സ്‌‌ട്രാറ്റജികളും തുടരെ അന്വേഷിച്ചു കൊണ്ടിരിക്കും. പ്രോഡക്ടിലും, വിലയിലും മാറ്റം വരുത്താൻ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. പക്ഷെ, വിതരണവും, പ്രൊമോഷനും മാറ്റങ്ങൾക്ക് വിധേയമാക്കാൻ എളുപ്പമാണ്.

ഇനി വിഷയത്തിലേയ്‌‌ക്ക്

നിങ്ങൾ മൊബൈലിൽ ദിവസവും ഉപയോഗിക്കുന്ന ആപ്പുകൾ എതൊക്കെ ആയിരിക്കും. ഞാൻ ദൈനം ദിനം ഉപയോഗിക്കുന്നവ, FB Messenger, WhatsApp, iMessage, Slack, Email (വേണേൽ കിൻഡിലും ഉൾപ്പെടുത്താം.). ഒന്നൊഴിയാതെ എല്ലാം മെസ്സേജിംഗ് ആപ്പുകളാണെന്നത് യാദൄശ്ചികതയല്ല. പിന്നെ യാത്ര ചെയ്യുമ്പോൾ എയർലൈൻസ്സിൻറെ ആപ്പുകൾ. Evernote, Amazon app എന്നിവയാണ്. പ്രിസ്മ പോലുള്ളവ ഡൌണ്ലോഡ് ചെയ്യും. ഒന്നോ രണ്ട് പ്രാവശ്യം ഉപയോഗിക്കും. വല്ലവനെയും വെറുപ്പിക്കാൻ പറ്റുവെങ്കിൽ അതും ചെയ്യും. തീർന്നു ഉപയോഗം.

പറഞ്ഞ് വന്നത് ആളു കൂടുന്ന ഇടങ്ങൾ മൊബൈലിൽ മെസ്സെഞ്ചർ ആപ്പുകളിലാണ്. മനുഷ്യരാശിയുടെ ആറിലൊന്നു പേർ വാട്സാപ് ഉപയോഗിക്കുന്നു. ഏകദേശം 1 ബില്യണ് ആൾക്കാർ. 875 മില്യണ് ആൾക്കാരുണ്ട് ഫേസ്ബുക് മെസ്സഞ്ചറിൽ. ആമസോണ്, സ്നാപ്ഡീൽ, ഫ്ലിപ്കാർട്ട് എന്നിവർക്കൊക്കെ സ്വന്തമായി ആപ്പുണ്ട്. ആൾക്കാർ അതിലൊക്കെ ദിവസവും കേറി പരതണം എന്നാണ് അവർ ആഗ്രഹിക്കുന്നത്.എന്നാൽ ഇത്തരം ഒരു ലോയൽറ്റി മുതലാക്കാൻ കമ്പനികളുടെ സ്വന്തം ആപ്പുകൾ കൊണ്ടാവുന്നില്ല. അതിനാൽ ആളു കൂടുന്ന ഇടങ്ങളിലേയ്‌‌ക്ക് അവരുടെ ശ്രദ്ധ എത്തിയത് സ്വാഭാവികം. അതിനാൽ മെസ്സഞ്ചർ ആപ്പുകളെ തങ്ങളുടെ ബ്രാൻഡുകൾ ബിൽഡ് ചെയ്യാനും, ഉത്പന്നങ്ങൾ വിൽക്കാനുമുള്ള വേദി എങ്ങനെ ആക്കി മാറ്റാം എന്ന ചിന്തയിലാണവരിപ്പോൾ. അവർ അവരുടെ ഉത്പന്നങ്ങൾക്കും, ബ്രാൻഡുകൾക്കും പുതിയ ഒരു വിതരണ ശൄംഘല കണ്ടെത്തിയെന്ന് ചുരുക്കം.

അതിനാൽ മെസ്സഞ്ചറുകൾ വെറും ചാറ്റ് ആപ്ലിക്കേഷനായല്ല പുറത്തിറങ്ങുന്നത്. അതിപ്പോൾ ഒരു പ്ലാറ്റ്ഫോം ആയി മാറി കൊണ്ടിരിക്കുകയാണ്. ഒരു പ്ലാറ്റ്‌‌ഫോം എന്നാൽ മറ്റുള്ള കമ്പനികൾക്ക് അവരുടേതായ ഫീച്ചറുകൾ ഈ മെസ്സഞ്ചർ ആപ്പുകളിലേയ്‌‌ക്ക് പ്ലഗ് ചെയ്ത് തിരികി കേറ്റാവുന്ന സംവിധാനം. ആമസോണിന് തങ്ങളുടെ ഉത്പന്നങ്ങൾ ഫേസ്ബുക് മെസ്സഞ്ചർ വഴി വിൽക്കാൻ സാധിക്കും. റിലയൻസ്സിനും മറ്റും അവരുടെ മൊത്തം കസ്‌‌റ്റമർ കെയർ വാട്സാപ്പിലൂടെ ഒരു മനുഷ്യ ജീവിയെ പോലും ജോലിക്കെടുക്കാതെ നടത്താൻ സാധിക്കും (ആർട്ടിഫിഷ്യൽ ഇൻറലിജെൻസ് ഒക്കെയുള്ള ഒരു റോബോട്ടായിരിക്കും നിങ്ങളോട് സംസാരിക്കുക). ഗൂഗിൾ അല്ലോ യുടെ ഒപ്പം വരുന്ന Google Assistant ശരിക്കും ഒരു മെസ്സഞ്ചറ് പ്ലാറ്റ്‌‌ഫോം കമ്പനികൾക്കെ എങ്ങനെ ഉപയോഗിക്കാമെന്നതിൻറെ ഒരു ഉദാഹരണമാണ്. നിങ്ങൾക്ക് വേണേൽ Allo യ്‌‌ക്ക് വേണ്ടി ഇത്തരം പരിപാടികൾ ചെയ്യാം എന്ന സൂചന. ടെലിഗ്രാം മെസ്സഞ്ചറിലും, ഫേസ്ബുക് മെസ്സഞ്ചറിലുമൊക്കെ സമാനമായ ബോട്ടുകൾ ഉണ്ട്.

ഇത് ഒരു പടി കൂടി കടന്ന്; വാട്സാപ്പിൽ Amazon ൻറെ നമ്പർ എടുത്ത്. "I want dog biscut" എന്ന് പറയുന്നു. ഉടനെ പട്ടി ബിസ്കറ്റുകളുടെ ഒരു കമനീയ ശേഖരം നിങ്ങളുടെ മുന്നിൽ അവതരിക്കുന്നു. സെലക്ട് ചെയ്യുക. വാട്സാപ്പിൽ സ്‌‌റ്റോർ ചെയ്തു വെച്ചിരിക്കുന്ന ക്രെഡിറ്റ് കാർഡിൽ നിന്നും കാശും എടുക്കും. മൂന്നാം ദിവസം പട്ടി ബിസ്‌‌കറ്റ് വീട്ടിലെത്തും.

അൽപം വൈകിയാണെങ്കിലും ഗൂഗിൾ ഈ മേഖലയിലേയ്‌‌ക്ക് കടന്നത് കമ്പനികളുടെ ഈ മനം മാറ്റം മനസ്സിലാക്കിയതു കൊണ്ടാണ്. അവർക്ക് Android എന്ന സ്വന്തം വിതരണ വാഹനമുള്ളപ്പോൾ കസ്‌‌റ്റമർ അഡോപ്‌‌ഷൻ പേടിക്കണ്ട. ആൻഡ്രോയിഡ് ഫോണുകളുടെ ഡീഫോൾട്ട് മെസ്സഞ്ചർ ആപ് Allo യും, വീഡിയൊ ചാറ്റ് Duo യും ആയി മാറാൻ അധികം താമസമില്ല.

97-98 കാലത്ത്, ഗൂഗിളൊക്കെ ഇറങ്ങുന്നതിന് മുൻപ് കമ്പനികളുടെ ടി.വി പരസ്യത്തിൽ AOL കീവേർഡ് എന്നൊരു സാധനം ഉൾപ്പെടുത്തിയിരുന്നു. AOL ൻറെ സേർച്ച എഞ്ചിനിൽ ആ കീവേർഡ് കൊടുത്താൽ കമ്പനിയുടെ സൈറ്റിലെത്താം. പിന്നെ കീവേർഡുകൾ മാറി ഇൻറർനെറ്റ് ഡൊമൈൻ ആയി. പോകെ പോകെ ഡൊമൈനുകൾക്കൊപ്പം ട്വിറ്ററും, ഫേസ്ബുക് പേജും ലിസ്റ്റ് ചെയ്തു തുടങ്ങി. ഇനി മെസ്സഞ്ചറുകൾക്ക് ഉപയോഗിക്കാവുന്ന ഒരു ഫോണ്‌‌ നമ്പർ കൂടി കൊടുത്തു തുടങ്ങുന്ന കാലം വിദൂരമല്ല. 

No comments:

Post a Comment