Wednesday, September 28, 2016

കുടിയേറ്റത്തിന്റെ രാഷ്ട്രീയം

അന്യ സംസ്ഥാന തൊഴിലാളികളെ കുറിച്ചു പറയുമ്പഴൊക്കെ ബംഗ്ലാദേശും, ഇല്ലീഗൽ ഇമ്മിഗ്രേഷനും പൊങ്ങി വരും. ട്രംപിൻറെ തിരഞ്ഞെടുപ്പു പ്രചാരണത്തിൻറെയും ഒരു മൂഖ്യ ഘടകം ഇല്ലീഗൽ ഇമിഗ്രേഷനാണ്. രണ്ട് രാജ്യത്ത്, രണ്ട് വിഭിന്നമായ സാമ്പത്തിക ഘടനകളുള്ള രാജ്യത്ത് ഒരേ രീതിയിലുള്ള ചർച്ചകൾ കാണുമ്പോൾ കൌതുകം തോന്നി. രണ്ടിടത്തും എതിർപ്പാർട്ടിയെ കുറ്റപ്പെടുത്താനുള്ള രാഷ്ട്രീയ ആയുധമായാണ് ഇല്ലീഗൽ ഇമിഗ്രേഷനെ ഉപയോഗിക്കുന്നത്. എന്നാൽ ഇല്ലീഗൽ ഇമിഗ്രേഷൻ ഒരു രാഷ്ട്രീയ സൄഷ്ടി അല്ല. അതൊരു ക്യാപ്പിറ്റലിസ്റ്റ് മാർക്കെറ്റിൻറെ സൄഷ്ടി ആണ്.

1780 ൽ ലോകത്തെ ഏറ്റവും വലിയ പരുത്തി കയറ്റുമതി ചെയ്യുന്ന രാജ്യമായിരുന്നു നമ്മുടെ ഇൻഡ്യ. ഏഷ്യയിൽ നിന്ന് വർഷാവർഷം കയറ്റി അയച്ചിരുന്ന 400 മില്യണ് ടണ് പരുത്തിയുടെ സിംഹഭാഗവും ഇൻഡ്യയിൽ നിന്നായിരുന്നു. അന്ന് അമേരിക്കയുടെ പരുത്തി കയറ്റുമതി വെറും 1-2 മില്യണ് ടണ് മാത്രം. വെറും പത്തേ പത്തു കൊല്ലം കൊണ്ട് 25 മടങ്ങ് വർദ്ധിച്ചു. 80 കൊല്ലം കൊണ്ട് അമേരിക്ക ഇൻഡ്യയേയും ഏഷ്യയേയും പിന്തള്ളി. പിന്നെ തിരിഞ്ഞു നോക്കണ്ടി വന്നിട്ടില്ല. 200 കൊല്ലമായി ആ ആധിപത്യം തുടരുന്നു. ഇന്നും, നിങ്ങളൊരു ടീഷർട്ടൊ കോട്ടണ് ഷർട്ടൊ വങ്ങിച്ചോളു. സംഗതി ഉണ്ടാക്കീത് തിരുപ്പതിയൊ തിരിപ്പൂരൊ, ചൈനയിലൊ ഒക്കെ ആയിരിക്കും. പക്ഷെ അതിനുപയോഗിക്കുന്ന പരുത്തി വരുന്നത് ടെക്സസ്സിൽ നിന്നും ജോർജ്ജിയയിൽ നിന്നും അലബാമയിൽ നിന്നുമൊക്കെയാണ്.

ഇതെങ്ങനെ സാധിച്ചു ? സിംപിളായ ഉത്തരം സ്ലേവറി. അടിമത്തം.!

ഈ പരുത്തി കൄഷി ഒരു മല്ലൻ പണിയാണ്. ഈ ചെടി വളർത്തി കൊണ്ട് വരാൻ ചില്ലറ പാടല്ല. അധികം വെള്ളം പാടില്ല. എന്നാൽ വെള്ളം വേണം താനും. വലിയ ചൂടു താങ്ങാനാവില്ല. എന്നാൽ ചൂടും വേണം. കാറ്റുള്ള സ്ഥലമാകാൻ പാടില്ല. എന്നാൽ കടൽക്കാറ്റുള്ള ഇടങ്ങളിലാണ് നല്ല ഇനം പരുത്തി ഉണ്ടാകുക. ഇതെല്ലാം ചേർന്ന് വരുന്ന സ്ഥലത്ത് കൄഷി ചെയ്താലൊ, മുടിഞ്ഞ കള ശല്യവും. ദിവസവും ആളു നിന്ന് കള പറിച്ചാലെ ചെടി രക്ഷപെട്ട് കിട്ടു. ഇനി കൊയ്‌‌ത്തിൻറെ സമയമാകുമ്പോളാണ് അടുത്ത ഞാണിൻമേൽ കളി. ആദ്യം പരുത്തി പിളർത്തി വെയ്‌‌ക്കും. ഉണങ്ങാനായി. ആ സമയത്ത് മഴയൊ, ഈർപ്പമൊ, കാറ്റൊ ഉണ്ടായാൽ വിള പോകും. കർഷകർക്ക് ഒരു ചെറിയ അവസരമായിരിക്കും ലഭിക്കുക. ആ സമയത്ത് ഇവ പറിച്ച് ശേഖരിച്ചോണം. പറിക്കുന്നതിനൊപ്പം കുരുവും കളയണം. നടുവൊടിയുന്ന പണിയാണ്. കൄഷിയുടെ വളർച്ചയിൽ തന്നെ ഇത്ര അനിശ്ചിതത്വമുള്ളത് കൊണ്ട്, ഈ കൄഷിയിടത്തിൽ വരുന്ന തൊഴിലാളി ലഭ്യത ഒരിക്കലും മുൻകൂട്ടി കാണാൻ പറ്റില്ല. കൄത്യ സമയത്ത് വിളിച്ചാൽ വിളിപ്പുറത്ത് പണിക്കാരെ കിട്ടണമെങ്കിൽ ഒരൊറ്റ വഴിയെ ഉള്ളു. അവരെ കെട്ടിയിട്ട് പണിയിക്കുക. അമേരിക്കയെ പരുത്തി ഉത്പാദനത്തിൻറെ മുന്നിലെത്തിച്ചത് സമയത്തിനും കാലത്തിനും അനുസരിച്ചു പണിയാൻ തയ്യാറായ ഒരു തൊഴിലാളിക്കൂട്ടം അടിമകളായി ഉണ്ടായിരുന്നത് കൊണ്ടാണ്.

അടിമത്തം നിർത്തലാക്കുകയും അതിനെ തുടർന്ന് അമേരിക്കയിലെ ആഭ്യന്തര യുദ്ധമൊക്കെ ഇന്ന് ചരിത്രത്തിൻറെ ഭാഗമാണ്. അടിമത്തം നിർത്തലാക്കിയതിനു ശേഷവും ഏകദേശം 1950 കളിൽ വരെ അടിമത്തത്തിനു സമാനമായ Sharecropping എന്ന സംവിധാനമായിരുന്നു. നമ്മുടെ പാട്ടകൄഷി പോലുള്ള പരിപാടി. അതും നിർത്തലാക്കിയപ്പോൾ ഇന്ന് ഇല്ലീഗൽ ഇമിഗ്രൻസ്സിനെ വെച്ചാണ് പണി. അമേരിക്കയുടെ പരുത്തി ഉത്പനാദനത്തിനെ മറികടക്കാൻ ചൈന തൊട്ടു പുറകിലുണ്ട്. ചില വർഷങ്ങളിൽ ചൈന ഇടിച്ചു കയറും. എന്നാലും ചൈനയിലെ തുഛമായ വേതനത്തെ മറികടന്ന് ചൈനയോട് മത്സരിക്കാൻ അമേരിക്കയ്‌‌ക്ക് സാധിക്കുമെങ്കിൽ അത് ഈ ഇല്ലീഗൽ ഇമിഗ്രൻസ്സുള്ളത് കൊണ്ടാണ്. രഹസ്യമായ പരസ്യമാണെന്ന് മാത്രം.

തൊഴിലനിശ്ചിതിത്വം നില നിൽക്കുന്ന വേറൊരു മേഖലയാണ് കണ്‌‌സ്‌‌ട്രക്ഷൻ. തൊഴിലുറപ്പും, റിട്ടയർമെൻറ് ആനുകൂല്യങ്ങളും നോക്കി പോകുന്ന സ്വദേശികളായ പണിക്കാരെ ഒരിക്കലും ഈ കണ്‌‌സട്രക്ഷൻ ജോലികൾക്ക് ലഭിക്കുന്നില്ല. കൂടാതെ നല്ല അദ്ധ്വാനം വേണ്ടുന്ന ജോലിയുമാണ്. ഈ മേഖലയിൽ ലോകത്തെല്ലായിടത്തും ജോലി ചെയ്യുന്നതിൽ 60% പേരും ഇല്ലീഗൽ ഇമ്മിഗ്രൻസ്സാണ്. ന്യുയൊർക്കിലും, ചിക്കാഗോയിലെയും തൊഴിലാളികളുടെ ഇടയിൽ നടത്തിയ ഒരു സർവ്വേയിൽ 80% വരെ ആണ് ഇല്ലീഗൽ ഇമിഗ്രൻസ്സ്. അധികാരികൾക്കും അറിയാവുന്ന കാര്യമാണ്. ഇവരെ നിയന്ത്രിക്കാൻ നിയമങ്ങളുണ്ടൊ ? ഉണ്ട്. ഗവണ്മെൻറ് ആക്ഷനുകൾ എടുക്കുമൊ ? എടുക്കും. വല്ലൊ ചെറിയ കണ്‌‌വീനിയൻ സ്‌‌റ്റോറുകളിലും, ഗ്യാസ് സ്റ്റേഷൻ മുതലാളിമാരെ പിടിച്ച് കുടഞ്ഞ് ഫൈൻ വാങ്ങും. അല്ലാതെ വലിയ ഒരു പരുത്തി കർഷകനെതിരെയൊ, കണസ്‌‌ട്രക്ഷൻ കമ്പനി മുതലാളിയ്‌‌ക്കെതിരെയൊ കേസെടുക്കില്ല. കേസെടുത്ത് എന്തേലും അനിശ്ചിതത്വം ഉണ്ടാക്കിയാൽ പരുത്തി കൄഷി എന്ന വ്യവസായം അമേരിക്കയിൽ അസ്തമിക്കും. വെസ്‌‌റ്റ് ടെക്സാസ് ഒരു പ്രേത നഗരമായി മാറും. ഓയിലിൻറെ വില ഇടിഞ്ഞതോടെ ടെകസ്സസ്സ് അല്ലെങ്കിലും തകർന്നിരിക്കുകയാണ്. പരുത്തിയിലും കൂടെ പിടി മുറുക്കിയാൽ തീർന്നു.

ഇൻഡ്യയിലെ കാര്യവും വിഭിന്നമല്ല. 1993 തൊട്ട് ഇൻഡ്യ ഇൻഫ്രാസ്‌‌ട്രക്ചറിൻറെ വളർച്ചയിലാണ്. മെട്രൊ റെയിൽ, ഫ്ലൈഓവറുകൾ, നാലു വരി പാത തുടങ്ങി ഇൻഡ്യിലെ ഓരോ പട്ടണങ്ങളിലും നാലോ അഞ്ചൊ ശത കോടി ബഡ്ജറ്റുള്ള പ്രോജക്ടുകളാണ് നടക്കുന്നത്. 1955 ൽ അമേരിക്ക ഇൻറർസ്‌‌റ്റേറ്റ് ഹൈവേകൾക്ക് വേണ്ടി ചിലവാക്കിയ തുകയ്‌‌ക്കു തുല്യമായ മൂല്യമാണ് ഇൻഡ്യ ഇതിനായി വിനിയോഗിക്കുന്നത്. ഇല്ലീഗൽ ഇമിഗ്രേഷനെതിരെ ഒരു ചെറിയ ആക്ഷൻ തുടങ്ങട്ടെ ഈ പ്രോജക്ടുകളൊക്കെ അവിടെ നിക്കും. ഇതിനൊക്കെ ടെൻഡർ വിളിച്ചു പണിയെടുത്തിരിക്കുന്ന ബഹുരാഷ്ട്ര കമ്പനികൾ ഒച്ചയെടുക്കുന്നത് കാണാം.

ചുരുക്കി പറഞ്ഞാൽ ടോമി ഹിൽഫിഗറിൻറെയും, പോളോയുടെയും ഷർട്ടിടുമ്പോഴും. ഓരോ ഫ്ലൈ ഓവറിൽ വണ്ടി കയറുമ്പോഴും, ഓരോ തവണ എയർപ്പോർട്ട്, മെട്രോ സ്‌‌റ്റേഷനിലൊക്കെ ചെന്നു നിക്കുമ്പോഴും ഇതൊക്കെ തൈച്ചുണ്ടാക്കിയവരും, കെട്ടി പൊക്കി ഉണ്ടാക്കിയവരും 60% എങ്കിലും ഇല്ലീഗൽ ഇമിഗ്രൻസ്സാണെന്ന് ഓർമ്മ വേണം. അമേരിക്കയിൽ ഗുജറാത്തിൽ നിന്നും പഞ്ചാബിൽ നിന്നുമുള്ള രണ്ട് ലക്ഷം ഇൻഡ്യൽ ഇല്ലീഗൽ ഇമിഗ്രൻസ്സുണ്ട്. ഗൾഫ് രാജ്യങ്ങൾ പടുത്തുയർത്തിയ 1970 കളിലെ തൊഴിലാളികളിൽ നമ്മുടെ കേരളത്തിൽ നിന്നും ഗഫൂർക്കാ ദോസ്തു മാർ കൊണ്ട് പോയ ഇല്ലീഗൽ ഇമിഗ്രൻസ്സുണ്ടായിരുന്നു. ഏതെങ്കിലും തരത്തിലുള്ള തൊഴിൽ ചൂഷണങ്ങളില്ലാതെ വലിയ കണ്‌‌സ്‌‌ട്രക്ഷൻ ജോലികളൊ, പരുത്തി കൄഷിയൊ, തൊഴിലനിശ്ചിതത്വമുള്ള പണികളൊ ചെയ്യാൻ സാധിക്കില്ല. ചൂഷണം ചെയ്യാൻ സാധിക്കുന്ന ഒരേ ഒരു വർഗ്ഗമേ ഉള്ളു. അത് ഇല്ലീഗൽ ഇമിഗ്രൻസ്സാണ്.

ഇല്ലീഗൽ ഇമിഗ്രൻസ്സിനെ നിയന്ത്രിക്കും, എല്ലാവരെയും പുറത്താക്കും എന്നൊക്കെ അലമുറയിടുന്ന രാഷ്ട്രീയക്കാർ നുണ പറയുകയാണ്. അവർക്കൊന്നും ചെയ്യാൻ പറ്റില്ല. പണം മുടക്കുന്ന തൊഴിലുടമകൾ തിരിഞ്ഞ് ഇവരുടെ കഴുത്തിനു പിടിക്കും. രാഷ്ട്രീയക്കാർക്കും ഇതറിയാം. പക്ഷെ ഇലക്ഷനൊക്കെ ഒരു അജണ്ട ആയി ഇല്ലീഗൽ ഇമിഗ്രൻസ്സിനെ ഉപയോഗിക്കാൻ ഒരു നാണവുമില്ല.

No comments:

Post a Comment