Wednesday, September 28, 2016

Law of large numbers

ഞാൻ ജോലി ചെയ്തിരുന്നത് സെക്യുരിറ്റി ക്യാമറകൾ നിർമ്മിക്കുന്ന ഒരു കമ്പനിയിലാണ്. കമപനിയുടെ ഉപഭോക്താക്കളിൽ വലിയൊരു പങ്ക് ലാസ് വേഗാസിലെയും, മക്കാവു ലെയും കാസിനോകളായിരുന്നു. അതിനാൽ ഒരു ഗാംബ്ലിംഗ് അഡിക്ട് ചിലവാക്കുന്ന സമയത്തോളം ഇത്തരം കസീനൊകളിൽ ജീവിതം തുലച്ചിട്ടുണ്ട്. അമേരിക്കയിലെ ഗേമിംഗ് കമ്മീഷൻ നിയമം അനുസരിച്ച് കസീനോയിലെ ഒരോ മേശയ്‌‌ക്ക് മുകളിലും ഒരോ ക്യാമറ എങ്കിലും വേണം. 180 ദിവസത്തെ റെക്കോർഡിംഗ് മൊത്തമായും സൂക്ഷിക്കുകയും വേണം. റെക്കോർഡ് ചെയ്ത വീഢിയോകൾ കണ്ടും, നേരിട്ട് കണ്ട കാഴ്ചകളും വെച്ച് ഈ കസീനോകൾ എങ്ങനെയാണ് ലാഭം കൊയ്യുന്നതെന്ന് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. ഒരോ ബ്ലാക് ജാക്, റൌലറ്റ് ടേബിളുകളിലും ഇരിക്കുന്നവർ കാശു വാരി കൊണ്ട് പോകുന്നതാണ് സ്ഥിരം കാഴ്ച.

കസീനോകളിലെ ബിസ്സിനസ്സ് മനസ്സിലാകണമെങ്കിൽ ഒരു മണിക്കൂറോ, ഒരു ദിവസം മുഴുവനൊ അവിടെ പോയി വായി നോക്കി നിന്നാൽ മനസ്സിലാവില്ല. കസീനൊ ബിസ്സിനസ്സ് പ്രവർത്തിക്കുന്ന രീതി Law of Large Numbers നെ ആശ്രയിച്ചാണ്.

ഒരു നാണയം എടുത്ത് ടോസ് ചെയ്യുക. പത്ത് പ്രാവശ്യം ടോസ് ചെയ്താൽ ചിലപ്പോൾ 8 ഹെഡും, 2 ടെയിലും ആയിരിക്കും ലഭിക്കുക. എന്നത് കൊണ്ട് കോയിൻ ടോസ് ചെയ്താൽ ഹെഡ് ലഭിക്കാനുള്ള ചാൻസ് 80% ആണെന്ന് സ്ഥിരീകരിക്കാൻ ഒക്കില്ല. ഒരു പതിനായിരം തവണ ടോസ് ചെയ്തു നോക്കിയാലെ കൄത്യമായി എത്ര തവണ ഹെഡ് ലഭിക്കാനുള്ള സാദ്ധ്യത അറിയാനൊക്കു. ഈ പരീക്ഷണം പലരും നടത്തിയിട്ടുണ്ട്. ഹെഡ് വീഴാനൊ, ടെയിൽസ് വീഴാനൊ ഉള്ള ചാൻസ് 50% എന്ന് തെളിയിച്ചത് അങ്ങനെയാണ്. ഇത് പോലെ ഒരു ആശുപത്രിയിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ആണ് - പെണ് അനുപാതം കണ്ടു പിടിക്കാനുള്ള രീതിയും ഈ Law of large numbers നെ ആശ്രയിച്ചാണ്. ഒരു ദിവസത്തെ ആണ്-പെണ് അനുപാതം നോക്കിയാൽ ചിലപ്പോൾ ആണ് കുട്ടികളാണ് കൂടുതൽ ജനിക്കുന്നതെന്ന അനുമാനത്തിലെത്തും. വളരെ നാളത്തെ, കുറേയധികം ജനന നിരക്ക് നിരീക്ഷിച്ചതിനു ശേഷമെ വ്യക്തമായൊരു അനുമാനത്തിലെത്താനൊക്കു.

Law of large numbers നെ ആശ്രയിച്ചു പ്രവർത്തിക്കുന്ന കണ്ടമാനം ബിസ്സിനസ്സുകളുണ്ട്. കസീനൊ വലിയൊരു ഉദാഹരണ. ഇൻഷുറൻസ് കമ്പനികളാണ് മറ്റൊന്ന്. അപകടങ്ങൾ ഉണ്ടാകുകയും, ക്ലെയിമുകൾ പാസാക്കുകയും ചെയ്യുന്നതാണ് ഇൻഷുറൻസ് കമ്പനിയിലെ ദൈനം ദിന ജോലികൾ. അവിടെ ജോലി ചെയ്യുന്ന ഒരുവന് ദൈനം ദിന പ്രവർത്തനം മാത്രം വീക്ഷിച്ചാൽ കമ്പനി നഷ്ടമാണെന്ന തോന്നലേ ഉണ്ടാകു. Law of large numbers നെ കുറിച്ച് പിടിയില്ലെങ്കിൽ ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്യുന്ന ഒരു തൊഴിലാളി ടെൻഷനടിച്ചു മരിക്കും.

Angel Investing ആണ് ലോ ഓഫ് ലാർജ് നമ്പേഴ്സ് ഉപയോഗിക്കുന്ന മറ്റൊരു ബിസ്സിനസ്സ്. ഒരു സ്‌‌റ്റാർട്ടപ്പിൻറെ പ്രാരംഭ ഘട്ടത്തിൽ ഒരു സംരംഭകൻ മൂലധനത്തിനു വേണ്ടി സമീപിക്കുന്നവരാണ് ഈ മാലാഖമാർ. ഇത് മിക്കവാറും ഒരു വ്യക്തിയല്ല. 10-25 പേരടങ്ങുന്ന ഒരു സംഘമാകും. ഒരോരുത്തർ നാലോ അഞ്ച് ലക്ഷം രൂപയെ അവരുടെ കൈയ്യിൽ നിന്നും ഇറക്കു. 10-25 പേർ ഉണ്ടെങ്കിൽ റിസ്ക് വീതിച്ചു പോകും. സംരംഭകനെ സംബന്ധിച്ചിടത്തോളം വലിയൊരു തുക ലഭിക്കുകയും ചെയ്യും. അവർ നൽകുന്ന കാശിനു പകരമായി കമ്പനിയുടെ 1%-2% വരെ ഇക്വിറ്റി Angel ന് നൽകണം. ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം ഇതിൻറെ ഒരു ഗുണം, കമ്പനിയുടെ പ്രാരംഭ ഘട്ടത്തിൽ കടം ഇല്ലാതെ മൂലധനം സമാഹരിക്കാം എന്നതാണ്. കടം ഇല്ലാതെ ഒരു ബിസ്സിനസ്സ് തുടങ്ങാൻ കഴിഞ്ഞാൽ കമ്പനിയിൽ നിന്ന് പുറത്തേയ്‌‌ക്കൊഴുകുന്ന ക്യാഷ് നിയന്ത്രിക്കാനൊക്കും. ആ കാശ് തിരിച്ച് കമ്പനിയിൽ ഇൻവെസ്റ്റ് ചെയ്ത് പെട്ടെന്ന് വളരാനുള്ള സാഹചര്യവും ഉണ്ടാകും എന്നതാണ്.

ഒരു ഏഞ്ചൽ പണം നിക്ഷേപിക്കുന്ന രീതിയിലാണ് Law of large numbers ഉപയോഗിക്കുന്നത്. അവർ നാപ്പത് അമ്പതു കമ്പനികളിൽ നിക്ഷേപിക്കും. അതിൽ എട്ട് കമ്പനികൾ പൊട്ടി പോയാലും മറ്റു രണ്ട് കമ്പനികളിൽ നിന്നും നഷ്ടം നികത്താം. ഇൻഡസ്‌‌ട്രിയിലെ ഒരു കണക്കനുസരിച്ച് ഒരു ഏഞ്ചൽന് 25% വരെ റിട്ടേണ് ലഭിക്കുന്നുണ്ട് എന്നാണ് കണക്ക്. ഇവർ നാപ്പത് അമ്പതു കമ്പനികളിൽ നിക്ഷേപിക്കുന്നത് ഒരു ആറേഴു കൊല്ലം കൊണ്ടാണ്. അതിനാൽ അസാമാന്യ ക്ഷമയും, ഒരു കമ്പനി പൂട്ടി പോകുന്നത് കണ്ട് ഹൄദയ സ്തംഭനം വരുകയും ചെയ്യുന്നവരാണെങ്കിൽ ഏഞ്ചലാകാൻ പോകരുത്.

ഇതെഴുതാൻ പ്രചോദനമായത് VK ആദർശിൻറെ ഒരു പോസ്‌‌റ്റാണ്. അതിൽ Startup India യുടെ ഭാഗമായി ബാങ്ക് ലോണ് നൽകുന്നതായി ആദർശ് പോസ്‌‌റ്റ് ചെയ്തിരുന്നു. Standup India എന്നതാണ് പ്രോഡക്ടിൻറെ പേര്. സ്വന്തം കാലിൽ നിൽക്കാനാഗ്രഹിക്കുന്നവർക്ക് മൂലധനം നൽകുന്ന പരിപാടി. വളരെ നല്ല സ്കീമാണ്. ബാങ്കുകൾ പക്ഷെ സാമ്പ്രദായിക രീതികളിൽ തന്നെ ചിന്തിക്കുന്നതിൽ ചെറുതല്ലാത്ത കുഴപ്പമുണ്ട്. ഉദാഹരണം, ആദർശ് സൂചിപ്പിച്ച പ്രോഡക്ടിൻറെ റിസ്ക് മുഴുവനും ആ ബാങ്കിനു മാത്രമാണ്. അതും പത്തു ലക്ഷം രൂപ മൊത്തം ബാങ്കിനു നഷ്ടപ്പെടും. എന്നാൽ പല ബാങ്കുകൾ കൈകോർത്ത് ഒരു ഏഞ്ചൽ ഫണ്ട് സ്വരൂപിക്കാൻ ശ്രമിച്ചു കൂടെ?. ഒരു ബാങ്ക് ഈ ഫണ്ടിലേയ്‌‌ക്ക് ചെറിയ ഒരു തുക കോണ്ട്രിബ്യൂട്ട് ചെയ്താൽ മതി. ഒന്നൊ രണ്ടോ ലക്ഷം. റിസ്ക് വീതിച്ചെടുക്കാം. ഇക്വിറ്റി വാങ്ങി പണം മൂലധനമായി നൽകിയാൽ ബാങ്കിനു ലഭിക്കുന്ന ലാഭം ഒരു സാമ്പ്രദായിക ലോണിനേക്കാൾ പതിൻമടങ്ങാണ്.

No comments:

Post a Comment